Kerala
വര്‍ക്കലയില്‍ വി.ജോയ് മത്സരിക്കുന്നതില്‍ സിപിഐഎം സംസ്ഥാന നേതൃത്വത്തിന് എതിര്‍പ്പ്
നിയമസഭ തിരഞ്ഞെടുപ്പില്‍, തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയ് വര്‍ക്കലയില്‍ മത്സരിക്കുന്നതില്‍ സിപിഐഎം സംസ്ഥാന നേതൃത്വത്തിന് എതിര്‍പ്പ്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് കര്‍ശന നിലപാട് സ്വീകരിക്കുന്നത്. സംഘടനാ പ്രശ്‌നങ്ങളുളള തലസ്ഥാന ജില്ലയില്‍ പുതിയ സെക്രട്ടറിയെ കണ്ടെത്തുക എളുപ്പമല്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. വര്‍ക്കലയില്‍ രണ്ട് ടേം പിന്നിട്ട വി.ജോയിക്ക് പകരം സ്ഥാനാര്‍ഥിയെ നിര്‍ദ്ദേശിക്കാന്‍ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു.
ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ വി ജോയുടെ പേര് ഉയര്‍ന്നപ്പോള്‍ തന്നെ ഇക്കാര്യത്തില്‍ ആശങ്കകളും ഉയര്‍ന്നിരുന്നു. ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് വി ജോയ്‌യെ മാറ്റുന്നത് ഇപ്പോള്‍ ആലോചിക്കാന്‍ കഴിയില്ല എന്ന തരത്തിലായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ ഉള്‍പ്പടെ പ്രതികരണമെന്നാണ് വിവരം. തിരുവനന്തപുരത്ത് വി ജോയ്ക്ക് പകരം മറ്റൊരു ജില്ലാ സെക്രട്ടറിയെ കണ്ടെത്തുക പ്രയാസമാണ്. ഇന്നത്തെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുന്ന നിലപാടായിരിക്കും ഇക്കാര്യത്തില്‍ ശ്രദ്ധേയമായ കാര്യം.