Kerala
വൈഷ്ണയെ ഒഴിവാക്കാന്‍ ഇടപെട്ടത് ആര്യാ രാജേന്ദ്രന്റെ ഓഫീസ്
തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ ഓഫീസ് ജീവനക്കാരും ഇടപെട്ടതായി വിവരം.
വൈഷ്ണ രേഖപ്പെടുത്തിയ ടിസി നമ്പറിലെത്തി വിവരം ശേഖരിച്ചത് മേയറുടെ ഓഫീസിലെ ജീവനക്കാരാണ്. ഈ രേഖ വെച്ചാണ് വൈഷ്ണയുടെ വോട്ട് വെട്ടിയതെന്ന വിവരമാണ് പുറത്ത് വരുന്നത്. തിരുവനന്തപുരം കോര്പറേഷന് മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് വൈഷ്ണ. വൈഷ്ണയ്ക്കെതിരെയുള്ള പരാതിയില്‍, അന്വേഷണ ചുമതലയില്ലാത്ത രണ്ട് ജീവനക്കാര്‍ വൈഷ്ണ ഹാജരാക്കിയ രേഖകളിലുള്ള വീടുകളിലെത്തി സത്യാവങ്മൂലം എഴുതി വാങ്ങി.
അന്തിമ വോട്ടര്‍ പട്ടികയില്‍ വൈഷ്ണ താമസിക്കുന്നതായി കാണിച്ചിരിക്കുന്നത് 18/564 എന്ന നമ്പര്‍ വീട്ടില്‍ എന്നാണ്. എന്നാല്‍ ഈ വീട്ടില്‍ വൈഷ്ണ താമസിക്കുന്നില്ലെന്നും വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നും സിപിഎം ബ്രാഞ്ച് അംഗം ധനേഷ് കുമാര്‍ നല്കിയ പരാതിയില്‍ പറയുന്നു.
ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ക്ലര്‍ക്ക് ജിഎം കാര്‍ത്തിക നടത്തിയ അന്വേഷണത്തില്‍ വൈഷ്ണ സുരേഷ് അവിടെ താമസിക്കുന്നില്ലെന്ന് കണ്ടെത്തി.