India
യുപിയില്‍ മലയാളി പാസ്റ്റര്‍ ദമ്പതികള്‍ക്ക് 5 വര്‍ഷം തടവ്; ദലിതരെ മതം മാറ്റിയെന്ന് കുറ്റം
രാജ്യത്ത് ഇതാദ്യമായി മതപരിവര്‍ത്തന നിരോധന നിയമപ്രകാരം (Uttar Pradesh’s Prohibition of Unlawful Conversion of Religion Act, 2021) ശിക്ഷ.
പാസ്റ്റര്‍മാരായ മലയാളി ദമ്പതികളെ അഞ്ച് വര്‍ഷത്തേക്ക് ശിക്ഷിച്ചു. ഉത്തര്‍ പ്രദേശിലെ അംബേദ്കര്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ജോസ് പാപ്പച്ചന്‍ – ഷീജ പാപ്പച്ചന്‍ ദമ്പതികളെ ശിക്ഷിച്ചത്. അഞ്ചു വര്‍ഷം തടവും 25000 രൂപ പിഴയുമാണ് കോടതി വിധിച്ചത്.
ദലിത് ഹിന്ദു വിഭാഗത്തിലെ പാവപ്പെട്ടവരെ ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിച്ചു എന്നാണ് കുറ്റം. പത്തനംതിട്ട ജില്ലയിലെ തിരുവല്ല – പുറമറ്റം സ്വദേശികളായ ജോസ് പാപ്പച്ചനും ഭാര്യ ഷിജയും ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ ജില്ലയില്‍ വര്‍ഷങ്ങളായി സുവിശേഷ പ്രവര്‍ത്തനം നടത്തി വരികയായിരുന്നു. 2021 ലാണ് ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ മതപരിവര്‍ത്തന നിരോധന നിയമം പാസ്സാക്കിയത്. ഈ നിയമ പ്രകാരമാണ് 2023 ജനുവരി 24 ന് ഇവരെ ബിജെപി പ്രാദേശിക നേതാവായ ചന്ദ്രികപ്രസാദിന്റെ പരാതിയില്‍ ജലാല്‍പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.