Kerala
സ്‌കൂള്‍ സമയമാറ്റം: തീരുമാനം മാറ്റാനല്ല ചര്‍ച്ചയെന്ന് ശിവന്‍കുട്ടി; പോക്ക് ധിക്കാരമെന്ന് ഉമര്‍ ഫൈസി മുക്കം
കോഴിക്കോട്: സ്‌കൂള്‍ സമയമാറ്റ വിഷയത്തില്‍ അയയാതെ സമസ്ത. സമസ്തയെ അവഗണിച്ച് മുന്നോട്ടുപോകാമെന്ന് ഒരു സര്‍ക്കാരും വിചാരിക്കേണ്ടതില്ലെന്ന് സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം മാധ്യമങ്ങളോട് പറഞ്ഞു.
അത് ധിക്കാരമായ പോക്കായിരിക്കും. തിക്തഫലം ആരായാലും അനുഭവിക്കും. സര്‍ക്കാര്‍ ജനങ്ങളെ വിരട്ടേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
‘വിദ്യാഭ്യാസ വകുപ്പ് ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ പോകാന്‍ തയ്യാറാണ്. ചര്‍ച്ച ചെയ്യാല്‍ ഫലം ഉണ്ടാകും. മനുഷ്യന്മാര്‍ മുഖത്ത്‌നോക്കി സംസാരിച്ചാല്‍ അതിന്റെ ഫലം കിട്ടും. ചര്‍ച്ചയ്ക്ക് വിളിക്കട്ടെ. ഏകപക്ഷീയമായി തീരുമാനം എടുക്കരുത്’, ഉമര്‍ ഫൈസി മുക്കം പറഞ്ഞു.
സ്‌കൂള്‍ സമയമാറ്റത്തില്‍ പിറകോട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കിയതിന് പിന്നാലെയാണ് പ്രതികരണം. തീരുമാനം മാറ്റാന്‍ വേണ്ടിയല്ല. കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് എതിര്‍പ്പുള്ളവരുമായി ചര്‍ച്ച നടത്തുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു.