Education
ക്രിസ്തു ജയന്തി കോളജിന് ഡീംഡ് യൂണിവേഴ്സിറ്റി പദവി ലഭിച്ചു
ബെംഗളൂരു: കൊത്തന്നൂരിൽ സ്ഥിതി ചെയ്യുന്ന ക്രിസ്തു ജയന്തി കോളജ് പുതിയ അധ്യായത്തിലേക്ക്. സി എം ഐ(CMI) സഭയുടെ കോട്ടയം സെന്റ് ജോസഫ്സ് പ്രൊവിൻസിനു കീഴിലുള്ള ബോധി നികേതൻ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനത്തിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഡീംഡ് യൂണിവേഴ്സിറ്റി(Deemed to be University) പദവി നൽകി. ഇത് കോളജിന്റെ മേന്മയും വിദ്യാഭ്യാസ നിലവാരവും അംഗീകരിച്ചുകൊണ്ടാണ് എന്നതാണ് ശ്രദ്ധേയം.
സിഎംഐ സഭയുടെ കീഴിലുള്ള ബോധി നികേതൻ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഈ കോളജ് മുൻകാലം മുതൽ തന്നെ ഉയർന്ന ശാസ്ത്രീയ നിലവാരവും സാമൂഹിക പ്രതിബദ്ധതയും നിലനിർത്തിയിട്ടുണ്ട്. ഇപ്പോൾ ഈ സ്ഥാപനത്തിൽ 15,000-ലധികം വിദ്യാർത്ഥികൾ പഠിക്കുന്നു. ബെംഗളരുവിൽ തന്നെ ഏയർപോർട്ട് റോഡിൽ മറ്റൊരു ക്യാംപസ് കൂടി ഉടൻ പ്രവർത്തന ക്ഷമമാക്കും. ബാഗളൂരിലാണ് പുതിയ ക്യാമ്പസിന്റെ അറ്റകുറ്റ പണികൾ പുരോഗമിക്കുന്നത്.
2024-ലെ NIRF റാങ്കിംഗിൽ 60-ാം സ്ഥാനവും, NAAC അംഗീകാരത്തിൽ CGPA of 3.78 (A++ grade)-യും ലഭിച്ച ക്രിസ്തു ജയന്തി, അടുത്ത ഘട്ടത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്ഥാപനമായി വളരാനുള്ള പദ്ധതികളിലേക്കാണ് കടക്കുന്നത്. ക്രിസ്തു ജയന്തി കോളജ് നിരവധി ദേശീയതല യൂണിവേഴ്സിറ്റി ടൂർണമെന്റുകളും നാഷണൽ ഫെസ്റ്റുകളും വിജയകരമായി സംഘടിപ്പിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് 750-ത്തിലധികം വിദ്യാർഥികൾ പങ്കെടുത്ത ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി പെൻസാക് സിലാട്ട് ടൂർണമെന്റാണ്.
യൂണിവേഴ്സിറ്റി പദവി ലഭിച്ചതോടെ, സ്ഥാപനത്തിന് വിവിധ വിഷയങ്ങളിൽ കൂടുതൽ സ്വാതന്ത്ര്യത്തോടെ വിദ്യാഭ്യാസ കോഴ്സുകൾ നടത്താനും ഗവേഷണ പരിപാടികൾക്ക് ഊന്നൽ നൽകാനും സാധിക്കും. ഇപ്പോൾ അക്കാദമിക്, ട്രാൻസ്ഡിസിപ്ലിനറി, മൾട്ടി-ഡിസിപ്ലിനറി മാതൃകകളിൽ പഠന പദ്ധതികൾ ആരംഭിക്കാൻ ക്രിസ്തു ജയന്തിക്ക് അവസരം ലഭിച്ചിട്ടുണ്ട്.
അന്തർദേശീയ നിലവാരം ലക്ഷ്യം
ഇന്ത്യൻ വിദ്യാർത്ഥികൾക്കൊപ്പം വിദേശത്തുനിന്നും വിദ്യാർത്ഥികളെ ആകർഷിക്കാനുള്ള പദ്ധതികൾക്ക് കോളജ് നേതൃത്വം നൽകും. നിലവിൽ 17 വിദേശ സർവകലാശാലകളുമായും അക്കാദമിക് സഹകരണമുള്ള ഈ സ്ഥാപനത്തിന്, യൂണിവേഴ്സിറ്റി പദവി ലഭിച്ചതോടെ അതിനെ കൂടുതൽ വിപുലമാക്കാനാകും.