Kerala

ശരീര അഴക് വിൽപ്പന ചരക്കാക്കി തെരഞ്ഞെടുപ്പിനെ നേരിടുന്നു; യു പ്രതിഭയ്‌ക്കെതിരെ കോൺഗ്രസ്‌ നേതാവ്

Posted on

ആലപ്പുഴ: കായംകുളം എംഎല്‍എ യു പ്രതിഭയ്‌ക്കെതിരെ സ്ത്രീവിരുദ്ധ പ്രസ്താവന നടത്തി കായംകുളം മണ്ഡലം യുഡിഎഫ് കണ്‍വീനറും മുസ്ലിം ലീഗ് നേതാവുമായ എ ഇര്‍ഷാദ്. ശരീര അഴക് വില്‍പ്പന ചരക്കാക്കി തെരഞ്ഞെടുപ്പിനെ നേരിടുന്നു എന്നാണ് എ ഇര്‍ഷാദിന്റെ വിവാദ പ്രസ്താവന. വാക് ചാരുതയും വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയാണെന്നും ഇര്‍ഷാദ് പറഞ്ഞു. യുഡിഎഫ് മണ്ഡലം കണ്‍വെന്‍ഷന്‍ പ്രസംഗത്തില്‍ ആയിരുന്നു പരാമര്‍ശം. എം ലിജുവാണ് കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി.

‘രാഷ്ട്രീയ അധികാരം ഉപയോഗിച്ചുകൊണ്ട് എന്തും നടത്തും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് അവരുടെ മകന്‍ അകപ്പെട്ട കഞ്ചാവ് കേസില്‍ അവര്‍ എടുത്ത നിലപാട്. ആ നിലപാടിനെ ന്യായീകരിക്കുന്ന അമ്മയാണ് അവര്‍. ഒരു എംഎല്‍എയ്ക്ക് അഞ്ച് കോടി രൂപയാണ് ഒരു വര്‍ഷമുളള വിഹിതം. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ടിംഗ് വേറെ. കുറഞ്ഞത് ഒരുകോടി രൂപ അവര്‍ക്ക് ഒരു മണ്ഡലത്തില്‍ വിനിയോഗിക്കാന്‍ പറ്റും. ആ പണം ഉപയോഗിച്ചുകൊണ്ട് കായംകുളത്തിന്റെ നിലനില്‍പ്പിനായി ശ്രദ്ധേയമായ എന്താണ് കൊണ്ടുവന്നത് ? 20 വര്‍ഷം മുന്‍പ് ഡിവൈഎഫ്‌ഐക്കാരന്‍ തച്ചടിയില്‍ പ്രഭാകരന്റെ വീട്ടിലേക്ക് കായംകുളം താലൂക്ക് ആക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് ചെയ്തിട്ടുണ്ട്. അത് കഴിഞ്ഞ് 20 വര്‍ഷക്കാലം സിപിഐഎം എംഎല്‍എമാര്‍ ഇവിടം ഭരിച്ചു.

അതില്‍ 15 വര്‍ഷം എല്‍ഡിഎഫ് സര്‍ക്കാരായിരുന്നു. ഒരു ജനപ്രതിനിധി എന്ന നിലയില്‍ അവര്‍ക്ക് ഒന്നുംതന്നെ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല എന്ന പരമമായ യാഥാര്‍ത്ഥ്യം നില്‍ക്കുമ്പോഴാണ് വീണ്ടും അവരുടെ വാക് ചാതുരിയും ശരീര അഴകും വില്‍പ്പനയ്ക്ക് വെച്ചുകൊണ്ട് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോവുകയാണ്’ എന്നാണ് എ ഇര്‍ഷാദ് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version