Kerala
മുപ്പതോളം വീടുകളിൽ നിന്നും 100 പവനിലധികം സ്വർണവും ലക്ഷക്കണക്കിന് രൂപയും മോഷ്ടിച്ച പശുഫാം നടത്തിപ്പ് കാരൻ പിടിയിൽ
തിരുവനന്തപുരം: മുപ്പതോളം വീടുകളിൽ നിന്നും 100 പവനിലധികം സ്വർണവും ലക്ഷക്കണക്കിന് രൂപയും മോഷ്ടിച്ചയാളെ കണ്ട് നാട്ടുകാർ ഞെട്ടി. നാട്ടുകാർ മാന്യനെന്ന് കരുതിയ മാറനല്ലൂർ സ്വദേശി നിഷാന്താണ് (27) നരുവാമൂട് പൊലീസിന്റെ പിടിയിലായത് . റസ്സൽ പുരം ബെവ്കോയിലെ കയറ്റിറക്ക് തൊഴിലാളിയായിരുന്നു നിഷാന്ത്. ഒപ്പം വീട്ടിൽ പശു ഫാം നടത്തി വരികയുമായിരുന്നു.
ആര്യങ്കോട്, കാട്ടാക്കട, മലയിൽകീഴ്, ബാലരാമപുരം സ്റ്റേഷനുകളിലായി നിരവധി കേസുകളിലെ പ്രതിയായ നിഷാന്ത് ആദ്യമായാണ് അറസ്റ്റിലാകുന്നതെന്ന് പൊലീസ് പറഞ്ഞു. വലിയറത്തല ഗോവിന്ദമംഗലം പ്ലാവറത്തലയിൽ വീട് കുത്തി തുറന്ന് മോഷണം നടത്തിയ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ മറ്റ് മോഷണങ്ങളും ഇയാൾ സമ്മതിച്ചുവെന്ന് പൊലീസ് പറയുന്നു.
മോഷ്ടിച്ച് കിട്ടുന്ന പണം കാറുകളും ബൈക്കുകളും വാങ്ങാനാണ് ഉപയാഗിച്ചിരുന്നത്. ഒപ്പം ലക്ഷക്കണക്കിന് രൂപയ്ക്ക് ഭാഗ്യക്കുറി ടിക്കറ്റുകളും വാങ്ങി. ആഡംബര ബൈക്കുകളിൽ കറങ്ങി നടന്ന് വീടുകൾ കണ്ട് വച്ച് പിൻവാതിലുകൾ കമ്പിപ്പാര കൊണ്ട് കുത്തിപ്പൊളിച്ച് അകത്ത് കടന്നായിരുന്നു പ്രതി രാപ്പകൽ വ്യത്യാസമില്ലാതെ മോഷണം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.