Kerala
തിരുവനന്തപുരത്തെ ഹോട്ടൽ മുറിയിൽ മൂട്ടയുടെ കടിയേറ്റ് ചികിത്സ തേടേണ്ടിവന്ന കാസർകോട്ടെ കുടുംബത്തിന് 30,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ ഉത്തരവ്
കാഞ്ഞങ്ങാട്: തിരുവനന്തപുരത്തെ ഹോട്ടൽ മുറിയിൽ മൂട്ടയുടെ കടിയേറ്റ് ചികിത്സ തേടേണ്ടിവന്ന കാസർകോട്ടെ കുടുംബത്തിന് 30,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ ഉത്തരവ്. ചെറുവത്തൂർ സ്വദേശി വാസുദേവ കോണൂരായ നൽകിയ പരാതിയിലാണ് കാസർകോട് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ നടപടി.
നഷ്ടപരിഹാരമായി 15,000 രൂപയും ചികിത്സച്ചെലവായി 10,000 രൂപയും കോടതി ചെലവായി 5,000 രൂപയും ഉൾപ്പെടെയാണ് ഹോട്ടൽ അധികൃതർ നൽകേണ്ടത്. വിധി ലഭിച്ച് ഒരുമാസത്തിനകം തുക നൽകണമെന്നും കമ്മിഷൻ നിർദേശിച്ചു.
2024 ഓഗസ്റ്റ് 26-നാണ് പദ്മനാഭസ്വാമിക്ഷേത്ര ദർശനത്തിനും ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനുമായി വാസുദേവയും കുടുംബവും തിരുവനന്തപുരത്തെ ‘രൂപ്മഹൽ’ ഹോട്ടലിൽ മുറിയെടുത്തത്. 3,500 രൂപ നിരക്കിലുള്ള ശീതീകരിച്ച ഡബിൾ മുറിയായിരുന്നു ബുക്ക് ചെയ്തത്.
എന്നാൽ ദീർഘയാത്രയുടെ ക്ഷീണവുമായി മുറിയിലെത്തിയ കുടുംബത്തിന് രാത്രിയിൽ ഉറങ്ങാനായില്ല. കിടക്ക പരിശോധിച്ചപ്പോഴാണ് മൂട്ടകളെ കണ്ടെത്തിയത്. കുടുംബത്തോടൊപ്പമുണ്ടായിരുന്ന കൊച്ചുകുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് മൂട്ടയുടെ കടിയേറ്റതിനെ തുടർന്ന് ശരീരത്തിൽ പലയിടത്തും ചുവന്ന പാടുകളും ശക്തമായ ചൊറിച്ചിലും അനുഭവപ്പെട്ടു.
സംഭവം ഹോട്ടൽ റിസപ്ഷനിൽ അറിയിച്ചതിന് പിന്നാലെ അടുത്ത ദിവസം കുടുംബം തിരുവനന്തപുരത്തെ ആൻഡിയൽ ആശുപത്രിയിൽ ചികിത്സ തേടി. ഡോ. മഹേഷ്‌കുമാർ പരിശോധിച്ച് മരുന്ന് നിർദേശിച്ചു. നാട്ടിലെത്തിയശേഷം ഹൊസ്ദുർഗ് ബാറിലെ അഡ്വ. എ. രാധാകൃഷ്ണൻ മുഖേന വാസുദേവ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷനെ സമീപിക്കുകയായിരുന്നു.
കേസ് തിരുവനന്തപുരം ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ പരിധിയിലേക്ക് മാറ്റണമെന്ന ഹോട്ടൽ അധികൃതരുടെ ആവശ്യം കാസർകോട് കമ്മിഷൻ അംഗീകരിച്ചില്ല. ഹോട്ടലിനെതിരെ മുമ്പ് ഇത്തരം പരാതികളൊന്നും ഉണ്ടായിട്ടില്ലെന്നതടക്കമുള്ള വാദങ്ങളും അധികൃതർ ഉന്നയിച്ചിരുന്നു.
എന്നാൽ ചികിത്സാ രേഖകൾ, ലാബ് റിപ്പോർട്ടുകൾ ഉൾപ്പെടെയുള്ള തെളിവുകൾ പരാതിക്കാരൻ കമ്മിഷന് മുന്നിൽ ഹാജരാക്കി. ഇവ പരിഗണിച്ചാണ് കുടുംബത്തിന് ആകെ 30,000 രൂപ നൽകാൻ കമ്മിഷൻ ഉത്തരവിട്ടത്.