Kerala
സ്റ്റാലിനെ അട്ടിമറി വിജയത്തിലൂടെ തോൽപ്പിച്ച ടി.വി.കെ എം.എൽ.എ വി.എസ്. ബാബു അന്തരിച്ചു:ഹൃദയാഘാതമുണ്ടായതിനെ തുടർന്നാണ് മരണം സംഭവിച്ചത്
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയമായ അട്ടിമറി വിജയം നേടിയ തമിഴക വെട്രി കഴകം (ടി.വി.കെ) എം.എൽ.എ വി.എസ്. ബാബു (75) അന്തരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.24ന് ചെന്നൈയിലെ എം.ജി.എം ഹെൽത്ത് കെയർ ആശുപത്രിയിലായിരുന്നു അന്ത്യം.
ദീർഘനാളായി ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സെപ്റ്റംബർ 9 മുതൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായതിനെ തുടർന്നാണ് മരണം സംഭവിച്ചത്.
2026ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ കൊളത്തൂർ മണ്ഡലത്തിൽ മത്സരിച്ച വി.എസ്. ബാബു, ഡി.എം.കെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനെ പരാജയപ്പെടുത്തിയാണ് ദേശീയ ശ്രദ്ധ നേടിയത്. 8,795 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു അട്ടിമറി വിജയം.
ഡി.എം.കെയിലൂടെ രാഷ്ട്രീയത്തിലെത്തിയ ബാബു 2006ൽ പുരസൈവാക്കം മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തി. പിന്നീട് എ.ഐ.എ.ഡി.എം.കെയിൽ ചേർന്ന അദ്ദേഹം 2026 ഫെബ്രുവരിയിലാണ് ടി.വി.കെയിലെത്തിയത്.സ്റ്റാലിന്റെ സ്വന്തം തട്ടകമായ കൊളത്തൂരിൽ നേടിയ വിജയം തമിഴ്നാട് രാഷ്ട്രീയത്തിലെ വലിയ അട്ടിമറികളിലൊന്നായി മാറിയിരുന്നു.