Kerala

അനീഷ പ്രസവിച്ചത് യൂട്യൂബ് നോക്കി, വയറിൽ തുണികെട്ടി വെച്ച് ​ഗർഭാവസ്ഥ മറച്ചുവെച്ചു; തൃശൂരിലെ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്…

Posted on

തൃശ്ശൂർ പുതുക്കാടെ നവജാത ശിശുക്കളുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി അനീഷ ശുചിമുറിയിൽ പ്രസവിച്ചത് യൂട്യൂബ് നോക്കിയാണെന്ന വിവരമാണ് പുറത്തുവരുന്നത്. ലാബ് ടെക്നീഷ്യൻ കോഴ്സ് പഠിച്ചതും പ്രതിക്ക് സഹായകമായെന്ന് പൊലീസ് വെളിപ്പെടുത്തുന്നു.

വയറിൽ തുണികെട്ടി വെച്ച് ​ഗർഭാവസ്ഥ മറച്ചുവെച്ചു. അതുപോലെ പ്രസവകാലം മറച്ചു‌പിടിക്കാൻ ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കി. ആദ്യ കുഞ്ഞിനെ കുഴിച്ചിടാൻ വീടിന്റെ പിൻഭാഗത്താണ് ആദ്യം കുഴിയെടുത്തത്. എന്നാൽ അയൽവാസി ഗിരിജ ഇത് കണ്ടതിനാൽ ആ സ്ഥലം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് വീടിന്റെ ഇടതുഭാഗത്തെ മാവിൻ ചുവട്ടിൽ കുഴിച്ചിട്ടു.

രണ്ട് കൊലപാതകങ്ങളും നടത്തിയത് കുട്ടികളുടെ അമ്മ അനീഷയാണെന്ന് പൊലീസ് ചോദ്യം ചെയ്യലിലും പരിശോധനയിലും കണ്ടെത്തിയിരുന്നു. ആദ്യത്തെ കുട്ടിയെ കൊലപ്പെടുത്തിയത് 2021 നവംബർ ആറിനും രണ്ടാമത്തെ കുട്ടിയെ കൊലപ്പെടുത്തിയത് 2024 ഓഗസ്റ്റ് 29നുമാണെന്നാണ് കണ്ടെത്തല്‍. തുണിയിൽ പൊതിഞ്ഞ് സൂക്ഷിച്ച കുഞ്ഞിൻ്റെ മൃതദേഹം ഓഗസ്റ്റ് 30ന് അനീഷ, ഭവിൻ്റെ വീട്ടിലെത്തിച്ചു.

വീടിന് പിന്നിലെ തോട്ടിൽ കുഴിച്ചു മൂടിയ മൃതദേഹം നാല് മാസങ്ങൾക്ക് ശേഷമാണ് പുറത്തെടുത്തത്. 12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിലിന് ശേഷമാണ് അനീഷ കുറ്റം സമ്മതിച്ചത്. ആദ്യത്തെ കുഞ്ഞ് പ്രസവത്തിൽ തന്നെ മരിച്ചുവെന്നായിരുന്നു ഇരുവരും ആദ്യം പൊലീസിൽ മൊഴി നൽകിയത്.

നിലവില്‍ രണ്ട് സംഭവങ്ങളും രണ്ട് കേസുകളായാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭവിനും അനീഷയ്ക്കുമെതിരെ കൊലപാതകം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version