India
നാല് അൽ ഖ്വയ്ദ ഭീകരർ പിടിയിലെന്ന് ഗുജറാത്ത് ഭീകര വിരുദ്ധ സേന
അഹമ്മദാബാദ്: ഗുജറാത്തിൽ നിന്ന് നാല് അൽ ഖ്വയ്ദ ഭീകരരെ പിടികൂടിയെന്ന് ഗുജറാത്ത് ഭീകര വിരുദ്ധ സേന. മുഹമ്മദ് ഫൈസൽ, മുഹമ്മദ് ഫർദീൻ, സെഫുള്ള ഖുറേഷി, സീഷാൻ അലി എന്നിവരെയാണ് പിടികൂടിയതെന്ന് ഭീകരവിരുദ്ധ സേന അറിയിച്ചത്
വ്യാജ കറൻസി റാക്കറ്റിന്റെ മറവിലായിരുന്നു ഇവരുടെ പ്രവർത്തനമെന്നും സന്ദേശങ്ങൾ കൈമാറാൻ നൂതന സംവിധാനങ്ങൾ ഇവരുടെ പക്കലുണ്ടായിരുന്നുവെന്നും ഗുജറാത്ത് ഭീകര വിരുദ്ധ സേന പറഞ്ഞു. പരസ്പരമുള്ള സന്ദേശങ്ങൾ പുറത്തുപോകാതിരിക്കാൻ ഓട്ടോ – ഡിലീറ്റ് ആപ്ലിക്കേഷനുകൾ ഇവരുടെ ഇലക്ട്രോണിക് ഉപകരണങ്ങളിലുണ്ടായിരുന്നു.
സാമൂഹിക മാധ്യമങ്ങളിലൂടെയാണ് നാല് പേരും പരസ്പരം പരിചയപ്പെട്ടതും അൽ ഖ്വയ്ദ ആശയങ്ങളിൽ ആകൃഷ്ടരായതും. സംസ്ഥാനത്ത് ഭീകരാക്രമണം നടത്താൻ പദ്ധതിയിടുന്ന സമയത്താണ് ഇവർ പിടിയിലായതെന്നും ഭീകരവിരുദ്ധ സേന അറിയിച്ചു.