Kerala
താൻ സ്വർണകീരീടം സമർപ്പിച്ച വിഷയത്തിൽ ചില തറകൾ ഇടപെട്ടെന്ന് സുരേഷ് ഗോപി
തൃശൂർ: താൻ സ്വർണകീരീടം സമർപ്പിച്ച വിഷയത്തിൽ ചില തറകൾ ഇടപെട്ടെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. സുധാകരനോ വി ഡി സതീശനോ താൻ സ്വർണകിരീടം സമർപ്പിച്ച കേസിൽ ഇടപെട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
ശബരിമലയിൽ ഇപ്പോഴും വിക്രിയകൾ നടക്കുന്നുണ്ടെന്നും സുരേഷ് ഗോപി ആരോപിച്ചു. യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ചില തറകൾ ഞാൻ സ്വർണകിരീടം സമർപ്പിച്ച വിഷയത്തിൽ ഇടപെട്ടു. ഞാൻ കൈ കഴുകുന്ന കാര്യവും ചിലർ വിമർശിക്കുന്നു. കോവിഡ് കാലത്ത് മാത്രമല്ല ശുദ്ധി വേണ്ടത്. വെള്ളം ഒഴിച്ചാണ് ഞാൻ കൈ കഴുകുന്നത്. ഞാൻ മൂക്കിൽ കൈ വെച്ച ശേഷം കേക്ക് മുറിച്ചാൽ അതിലും വിമർശനം വരും.മോദിക്കോ അമിത് ഷായ്‌ക്കോ ശബരിമല വിഷയം നേരിട്ട് ഏറ്റെടുക്കാൻ കഴിയില്ല. തൃശൂരിലെ പുലികളി സംഘങ്ങൾക്ക് സംസ്ഥാന സർക്കാർ കൊടുക്കേണ്ട ഫണ്ട് കൊടുത്തില്ല.
കേന്ദ്രം ഫണ്ട് തന്നില്ല എന്ന തട്ടിപ്പ് ഇനി നടക്കില്ല. യൂണിഫോം സിവിൽ കോഡ് വരുന്നതിനു വേണ്ടി ശ്രമിക്കുന്നു. അത് വലിയ മാറ്റങ്ങൾ കൊണ്ടുവരും. യൂണിഫോം സിവിൽ കോഡ് വന്നാൽ ശബരിമലയിൽ വലിയ സാധ്യത ഉണ്ട്. യൂണിഫോം കോഡ് വന്നിരിക്കും.’ സുരേഷ് ഗോപി പറഞ്ഞു.