Kerala
എംപി ഫണ്ട്: സുരേഷ് ഗോപി പിന്നില്‍; ഷാഫി ചെലവഴിച്ചത് നാലു ശതമാനം മാത്രം
ന്യൂഡല്‍ഹി: 18-ാം ലോക്സഭ നിലവില്‍ വന്നിട്ട് 20 മാസം പൂര്‍ത്തിയായപ്പോള്‍ എംപി ഫണ്ട് വിനിയോഗത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കം വളരെ പിന്നില്‍. കേരളത്തിലെ എംപിമാരുടെ പ്രാദേശിക വികസനഫണ്ട് വിനിയോഗം ദേശീയ ശരാശരിയേക്കാള്‍ താഴെയാണ്. മണ്ഡലത്തിലെ പ്രാദേശിക വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പ്രതിവര്‍ഷം 5 കോടി രൂപയാണ് അനുവദിക്കുന്നത്. ഇതില്‍ കേവലം ആറു ശതമാനത്തിന് അടുത്ത് മാത്രമാണ് (5.97 ശതമാനം) തൃശൂര്‍ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ചെലവഴിച്ചിട്ടുള്ളത്.
എംപി ഫണ്ട് ചെലവഴിക്കലില്‍ ലോക്സഭ എംപിമാരുടെ ദേശീയ ശരാശരി 28.1 ശതമാനമാണ്. രാജ്യസഭ എംപിമാരുടേത് 44.2 ശതമാനവും. എന്നാല്‍ കേരളത്തിലെ എംപിമാരുടെ ചെലവഴിക്കല്‍ വളരെ കുറവാണ്. 11.4 ശതമാനം മാത്രമാണ് കേരളത്തിലെ ലോക്സഭ എംപിമാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചിട്ടുള്ളത്. കേരളത്തില്‍ നിന്നുള്ള രാജ്യസഭ എംപിമാരാകട്ടെ 14.74 ശതമാനവും ചെലവഴിച്ചുവെന്നാണ് 2026 ജനുവരി 21 ലെ എംപിഎല്‍എഡിഎസ് ഡാഷ്ബോര്‍ഡ് വ്യക്തമാക്കുന്നത്.