Sports

സംസ്ഥാന സ്കൂൾ കായികമേളയിൽ നടന്ന പ്രായത്തട്ടിപ്പ്:എല്ലു പരിശോധനയിൽ സബ്ബ് ജൂനിയർ ജൂനിയറായി

Posted on

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ നടന്ന പ്രായത്തട്ടിപ്പ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കോരുത്തോട് സ്കൂളിലെ താരത്തിന് മെഡിക്കൽ കോളേജിൽ നടത്തിയ എല്ലുപരിശോധനയിൽ സബ് ജൂനിയർ വിഭാഗത്തിൽ മത്സരിക്കാനുള്ള പ്രായപരിധി പാലിക്കാനായില്ലെന്നാണ് വിവരം. 14 വയസ്സിന് താഴെയുള്ളവർ മത്സരിക്കുന്ന സബ് ജൂനിയർ വിഭാഗത്തിലാണ് താരം മത്സരിച്ചത്.

എന്നാൽ മെഡിക്കൽ റിപ്പോർട്ട് പ്രകാരം താരത്തിന് 15നും 18നും ഇടയിൽ പ്രായമുണ്ടെന്നാണ് സൂചന. സംസ്ഥാന സ്കൂൾ കായികമേളയുടെ ചരിത്രത്തിൽ ആദ്യമായാണ് എല്ലുപരിശോധനയിലൂടെ പ്രായത്തട്ടിപ്പ് കണ്ടെത്തുന്നതെന്നാണ് റിപ്പോർട്ട്. ഈ വർഷം ഉത്തർപ്രദേശിൽ നിന്ന് കേരളത്തിലെത്തിയ താരം 100 മീറ്റർ, 400 മീറ്റർ, റിലേ ഇനങ്ങളിലാണ് മത്സരിച്ചത്. 400 മീറ്ററിൽ സ്വർണം നേടിയ താരം 100 മീറ്ററിന്റെ ഫൈനലിലേക്കും യോഗ്യത നേടിയിരുന്നു. താരത്തിന് രണ്ട് ആധാർ കാർഡുകളുണ്ടെന്ന് ആരോപിച്ചാണ് കോതമംഗലം മാർ ബേസിൽ, ഐഡിയൽ സ്കൂളുകൾ പരാതി നൽകിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രായവുമായി ബന്ധപ്പെട്ട ക്രമക്കേട് പുറത്തുവന്നത്.

പരാതി നൽകിയ കോതമംഗലം മാർ ബേസിൽ സ്കൂൾ അധ്യാപിക ഷിബി മാത്യു പരിശോധനാ ഫലം പുറത്തുവന്നതിൽ സന്തോഷം പ്രകടിപ്പിച്ചു. മത്സരിച്ച മറ്റ് കുട്ടികളുടെ കാര്യം ഓർക്കുമ്പോഴാണ് സങ്കടമെന്നും പരിശോധന നടത്താൻ തയ്യാറായ സർക്കാരിന് നന്ദിയുണ്ടെന്നും അവർ പറഞ്ഞു. സബ് ജൂനിയർ വിഭാഗത്തിലെ ഈ സംഭവത്തിന് പുറമെ ജൂനിയർ ആൺകുട്ടികളുടെ 400 മീറ്റർ, 600 മീറ്റർ, ലോങ് ജംപ് എന്നീ ഇനങ്ങളിലും പ്രായത്തട്ടിപ്പ് ആരോപണം ഉയർന്നിരുന്നു. ഈ ഇനങ്ങളിൽ മത്സരിച്ച വിദ്യാർഥികൾക്കും എല്ലുപരിശോധന നടത്തണമെന്നാണ് പരാതിക്കാരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version