Sports
വിവാഹവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ നീക്കം ചെയ്ത് സ്മൃതി മന്ദാന
ബോളിവുഡ് സംഗീത സംവിധായകന് പാലാക് മുതലുമായുള്ള വിവാഹ പോസ്റ്റുകള്‍ മുഴുവനായി തന്റെ ഇന്‍സ്റ്റഗ്രാമില്‍ നീക്കം ചെയ്ത് അന്താരാഷ്ട്ര വനിത ക്രിക്കറ്റ് താരം സ്മൃതി മന്ദാന. ഇക്കഴിഞ്ഞ നവംബര്‍ 23-നായിരുന്നു സ്മൃതിയുടെയും പാലാകിന്റെയും വിവാഹം നിശ്ചയിച്ചിരുന്നത്.
എന്നാല്‍ വിവാഹ ചടങ്ങുകള്‍ നടക്കുന്നതിനിടെ സ്മൃതിയുടെ പിതാവിന് ഹൃദയാഘാതം ഉണ്ടാകുകയും വിവാഹം മാറ്റി വെക്കുകയുമായിരുന്നു. എന്നാല്‍ പ്രതിശ്രുത വരന് പാലാകിന്റെ മുന്‍കാമുകിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നതോടെ പിതാവും സ്മൃതിയും തകര്‍ന്നുപോകുകയും അതിനെ തുടര്‍ന്ന് പ്രശ്നങ്ങള്‍ ഉടലെടുക്കുകയുമായിരുന്നുവെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു.
പ്രതിശ്രുത വരന് പാലാകിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സ്മൃതിയുടെ പിതാവ് കുറച്ചുദിവസങ്ങള്‍ക്ക് ശേഷം ആശുപത്രി വിട്ടെങ്കിലും വിവാഹം ഇനി എന്ന് നടക്കുമെന്ന കാര്യത്തില്‍ വിവരങ്ങളൊന്നും തന്നെ പുറത്തുവന്നിരുന്നില്ല.
ഇതിനിടെയാണ് ഇപ്പോള്‍ സ്മൃതി തന്റെ ഇന്‍സ്റ്റഗ്രാം എക്കൗണ്ടില്‍ നിന്ന് വിവാഹവുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും നീക്കം ചെയ്തിരിക്കുന്നത്.