Kottayam
ശതാബ്ദിയുടെ നിറവിൽ കലയുടെ വിജയക്കൊടി പാറിച്ച് സെന്റ് മേരീസ് എൽ.പി. സ്കൂൾ തീക്കോയി; ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവത്തിൽ ഓവറോൾ ഒന്നാം സ്ഥാനം
തീക്കോയി: അഭിമാനത്തിന്റെ നൂറാം വർഷത്തിൽ കലയുടെ വേദിയിലും മികവിന്റെ പൊൻതിളക്കവുമായി സെന്റ് മേരീസ് എൽ.പി. സ്കൂൾ തീക്കോയി. ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവത്തിൽ ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി സ്കൂൾ ചരിത്രത്തിൽ മറ്റൊരു സുവർണ്ണ അധ്യായം കൂടി എഴുതിച്ചേർത്തു.
വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകളും സർഗാത്മകതയും ആത്മവിശ്വാസവും മാറ്റുരച്ച കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് സ്കൂൾ ഈ അഭിമാന നേട്ടം സ്വന്തമാക്കിയത്. അധ്യാപകരുടെ മികച്ച പരിശീലനവും
കൃത്യമായ മാർഗനിർദേശവും രക്ഷിതാക്കളുടെയും സ്കൂൾ മാനേജ്മെന്റിന്റെയും പിന്തുണയും വിദ്യാർത്ഥികളുടെ കഠിനാധ്വാനവും സർവ്വോപരി ദൈവാനുഗ്രഹവും ഒത്തുചേർന്നപ്പോൾ വിജയം സ്കൂളിനെ തേടിയെത്തിയതെന്ന് സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി ബീന ജെയിംസ് പറഞ്ഞു.
ശതാബ്ദി ആഘോഷങ്ങളുടെ നിറവിൽ ലഭിച്ച ഈ നേട്ടം സ്കൂളിന്റെ നൂറുവർഷത്തെ വിദ്യാഭ്യാസ പാരമ്പര്യത്തിനും മികവിനുമുള്ള മറ്റൊരു അംഗീകാരമായി. പഠനരംഗത്തും കലാ-കായിക രംഗങ്ങളിലും മികവിന്റെ പാതയിൽ മുന്നേറുന്ന സ്കൂളിന് ഈ വിജയം ഇരട്ടിമധുരമായി.വിജയികളായ വിദ്യാർത്ഥികളെയും അവരെ പരിശീലിപ്പിച്ച അധ്യാപകരെയും സ്കൂൾ മാനേജ്മെന്റും പി.ടി.എയും അഭിനന്ദിച്ചു.