Kerala
മുഖ്യമന്ത്രി സൈബര്‍ ഗുണ്ടയുടെ നിലവാരത്തിലേക്ക് താഴ്ന്നു: ഷിബു ബേബി ജോണ്‍
കൊല്ലം: മുഖ്യമന്ത്രി സൈബര്‍ ഗുണ്ടയുടെ നിലവാരത്തിലേക്ക് താഴ്ന്നുവെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. ശബരിമല സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന് പോറ്റിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ എഐ നിര്‍മ്മിത ചിത്രം പങ്കുവെച്ച കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എന്‍ സുബ്രഹ്മണ്യത്തിനെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
താന്‍ പുറത്തുവിട്ട ചിത്രം കയ്യില്‍ കിട്ടിയിട്ട് രണ്ടുമാസമായി. പോറ്റി സോണിയാ ഗാന്ധിയെ കണ്ടതില്‍ മുഖ്യമന്ത്രിക്ക് സംശയം തോന്നിയെങ്കില്‍ ഒന്നാംപ്രതിയും അന്ന് മന്ത്രിയായിരുന്ന കടകംപള്ളിയും പൊലീസും എന്ത് ചര്‍ച്ച ചെയ്തു എന്നതും അന്വേഷിക്കണം. ചിത്രത്തിലുള്ള മൂന്നുപേരും എന്തിനാണ്, എവിടെയാണ് ഒത്തുകൂടിയത് എന്നത് വ്യക്തമാക്കണമെന്നും ഷിബു ബേബി ജോണ്‍ ആവശ്യപ്പെട്ടു.