Kerala
‘രാഹുൽ മാങ്കൂട്ടത്തിൽ എന്നോടും മോശമായി പെരുമാറി; അന്ന് ഷാഫിയെ ഇക്കാര്യം അറിയിച്ചിരുന്നു’; ആരോപണവുമായി ഷഹനാസ്
കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് സഹയാത്രികയും പ്രസാധകയുമായ എം എ ഷഹനാസ് രംഗത്ത്. രാഹുൽ തന്നോടും മോശമായി പെരുമാറിയെന്നും അന്ന് ഷാഫിയെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും ഷഹനാസ് വ്യക്തമാക്കി.
കർഷക സമരത്ത് ഡൽഹിയിൽ പോയി തിരിച്ചുവന്നപ്പോഴാണ് രാഹുൽ മോശം സന്ദേശം അയച്ചതെന്നും ഷഹനാസ് പറഞ്ഞു. ഡൽഹിയിൽ നമുക്ക് ഒരുമിച്ച് പോകാമായിരുന്നല്ലോ എന്നാണ് സന്ദേശം അയച്ചത്.
യൂത്ത് കോൺഗ്രസ് നേതാക്കൾ എല്ലാവരുമായി പോകാനായിരിക്കും എന്നാണ് താൻ കരുതിയത്. അതുകൊണ്ടുതന്നെ ഓക്കെ പറഞ്ഞു. പിന്നീടാണ് അയാൾക്കൊപ്പം ഒറ്റയ്ക്ക് പോകാനാണ് ആവശ്യപ്പെട്ടതെന്ന് മനസിലായത്. അതിനുള്ള മറുപടി അയാൾക്ക് കൊടുത്തുവെന്നും ഷഹനാസ് മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് എന്നീ സംഘടനകളിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് വ്യക്തമായ ധാരണയുള്ള ആൾ തന്നെയാണ് രാഹുൽ മാങ്കൂട്ടത്തിലെന്നും ഷഹനാസ് പറഞ്ഞു. സ്ത്രീകളോട് മോശമായി പെരുമാറുന്ന രാഹുലിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷനാക്കരുതെന്ന് ഷാഫിയോട് ആവശ്യപ്പെട്ടിരുന്നു. ഷാഫി നിരാകരിച്ചാൽ അതിനുള്ള തെളിവ് കാണിക്കാം. വ്യക്തിപരമായി അനുഭവം ഉണ്ടായത് കൊണ്ടാണ് ഷാഫി പറമ്പിലിനോട് ഇക്കാര്യം പറഞ്ഞതെന്നും ഷഹനാസ് പറഞ്ഞു.
ഷാഫി യൂത്ത് കോൺഗ്രസ് പ്രസിഡൻ്റായി ഇരിക്കുമ്പോൾ സ്ത്രീകൾക്ക് പ്രവർത്തിക്കാൻ അനുമതി ഇല്ലായിരുന്നുവെന്നും ഷഹനാസ് ആരോപിച്ചു. പുരുഷാധിപത്യം എല്ലായിടത്തുമുണ്ട്. രാഹുലിനെതിരെ ഷാഫിക്ക് പല പരാതികളും ലഭിച്ചിരുന്നു. രാഹുലിനെ സംരക്ഷിച്ചിരുന്നത് ഷാഫിയാണെന്നും ഷഹനാസ് കൂട്ടിച്ചേർത്തു.