Kerala

സ്കൂളിൽ അവധിയെടുത്തതിന് വിദ്യാർത്ഥിക്ക് ക്രൂര മർദനം; പരാതി നൽകി കുടുംബം

Posted on

സ്കൂളുകളിൽ അധ്യാപകർ വിദ്യാർത്ഥികളെ മർദിക്കുന്നത് സ്ഥിരം കാഴ്ചയാവുകയാണ്. അഞ്ചാലുംമൂടിൽ പ്ലസ്ടു വിദ്യാർത്ഥിയെ അധ്യാപകൻ തല്ലിയതിന് തൊട്ടു പിന്നാലെയാണ് മലപ്പുറത്തും മർദന വാർത്തയെത്തുന്നത്. സ്കൂളിൽ അവധി എടുത്തതിനാണ് വിദ്യാർത്ഥിയെ അധ്യാപകനായ ശിഹാബ് ക്രൂരമായി അടിച്ചത്.

കടുങ്ങാത്തുകുണ്ട് ബിവൈകെആർ ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിക്കാണ് ഈ ദുരവസ്ഥ ഉണ്ടായത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ബസ് കിട്ടാത്തത് കൊണ്ടാണ് സ്കൂളിൽ പോകാതിരുന്നത് എന്നാണ് വിദ്യാർത്ഥിയും രക്ഷിതാക്കളും പറഞ്ഞത്.

കുട്ടിയുടെ ശരീരത്തിൽ ക്രൂരമർദ്ദനമേറ്റ പാടുകൾ ഉണ്ടായിരുന്നു. അധ്യാപകനെതിരെ നിയമ നടപടി സ്വീകരിക്കും എന്നാണ് രക്ഷിതാക്കൾ അറിയിച്ചത്. കല്പകഞ്ചേരി പൊലീസിൽ പരാതി നൽകി.

അതേസമയം, അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ തല്ലാനുള്ള സ്ഥലമല്ല സ്കൂളുകൾ എന്ന് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. അഞ്ചാലുംമൂട് സ്കൂളിൽ അധ്യാപകനും വിദ്യാർത്ഥിയും തമ്മിലാണ് അടിപിടിയുണ്ടായത്. സംഭവത്തിൽ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു. അന്വേഷണത്തിന് ശേഷം വിദ്യാർത്ഥിയെയും സസ്‌പെൻഡ് ചെയ്യുമെന്നാണ് മന്ത്രി പറഞ്ഞത്. ആദ്യം കുട്ടിയാണ് അധ്യാപകനെ തല്ലിയത്. പിന്നാലെയാണ് അധ്യാപകൻ കുട്ടിയെ മർദിച്ചത്. അധ്യാപകന് അടി കിട്ടിയാലും കുട്ടിയെ തല്ലാൻ പാടില്ലെന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version