India
വിമത എംപിമാര്‍ക്കെതിരെ അസഭ്യവര്‍ഷവുമായി സഞ്ജയ് റാവത്ത്
മുംബൈ: ശിവസേന ഉദ്ധവ് വിഭാഗത്തിലെ വിമത എംപിമാര്‍ക്കെതിരെ അസഭ്യവര്‍ഷം നടത്തി രാജ്യസഭ എംപി സഞ്ജയ് റാവത്ത്.
വാര്‍ത്താസമ്മേളനത്തിന് ഇടയില്‍ നിയന്ത്രണം വിട്ട അദ്ദേഹം എംപിമാര്‍ക്ക് എതിരെയുള്ള തന്റെ പരാമര്‍ശങ്ങള്‍ സെന്‍സര്‍ ചെയ്യരുതെന്നും മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. എംപിമാരായ അരവിന്ദ് സാവന്ത്, അനില്‍ ദേശായ് എന്നിവര്‍ക്കൊപ്പമെത്തിയാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്.
പാര്‍ട്ടി വിട്ടുപോകാന്‍ തീരുമാനിച്ചവര്‍ രാജിവെച്ചിട്ട് വേണം പോകാനെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശേഷം വീണ്ടും ജനവിധി തേടണമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയിൽ നിന്നും കൂറുമാറിയവർ സത്യസന്ധത ഇല്ലാത്തവരാണെന്നും അതവരുടെ രക്തത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ആര്‍ക്കെങ്കിലും പോകണമെങ്കില്‍, അവര്‍ക്ക് രാജിവെച്ചിട്ട് പോകാം. ഞങ്ങളുടെ എംപിമാരെ കുറിച്ചുള്ള വാര്‍ത്തകള്‍ വ്യാജമാണെങ്കില്‍, അവര്‍ തന്നെ അത് നിഷേധിച്ച് രംഗത്തെത്തണം, ഇത്തവണ മഹാരാഷ്ട്രയിലെ ജനങ്ങള്‍ നിശബ്ദമായിരിക്കില്ല’- റാവത്ത് പറഞ്ഞു.
പാര്‍ട്ടി നേതൃത്വത്തിന്റെ കഠിനപ്രയ്തനമാണ് എംപിമാരുടെ തെരഞ്ഞെടുപ്പ് വിജയമെന്നും വഞ്ചന കാട്ടിയാല്‍ അതിന്റെ പ്രത്യാഘാതം വലുതായിരിക്കുമെന്നും റാവത്ത് വാർത്താ സമ്മേളനത്തിൽ മുന്നറിയിപ്പ് നല്‍കി.