Kerala
എന്‍ഡിഎയില്‍ ചേരുക എന്നത് ട്വന്റി ട്വന്റി പാര്‍ട്ടിയെ സംബന്ധിച്ച് ഏറ്റവും നിര്‍ണായകമായ തീരുമാനമെന്ന് സാബു എം ജേക്കബ്
തിരുവനന്തപുരം: എന്‍ഡിഎയില്‍ ചേരുക എന്നത് ട്വന്റി ട്വന്റി പാര്‍ട്ടിയെ സംബന്ധിച്ച് ഏറ്റവും നിര്‍ണായകമായ തീരുമാനമെന്ന് കണ്‍വീനര്‍ സാബു എം ജേക്കബ്. ഒരുപാട് ആലോചിച്ചാണ് ഈ തീരുമാനമെടുത്തത്. താനൊരു രാഷ്ട്രീയക്കാരനല്ല, ഒരു വ്യവസായിയാണ്. എല്‍ഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ച്, കേരളത്തെ കട്ടുമുടിച്ച് നാടു നശിപ്പിക്കുന്നതു കണ്ട് മനം മടുത്ത് ഇതിനൊരു മാറ്റം വരുത്തണമെന്ന് ആഗ്രഹിച്ചാണ് താന്‍ രാഷ്ട്രീയത്തില്‍ വന്നതെന്ന് സാബു എം ജേക്കബ് പറഞ്ഞു.
അങ്ങനെയാണ് ട്വന്റി ട്വന്റി പാര്‍ട്ടിക്ക് രൂപം കൊടുത്തത്. 14 വര്‍ഷമായി കേരളത്തിന്റെ വികസനത്തിനു വേണ്ടി, ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി ഒട്ടനവധി മാതൃകാപരമായ കാര്യങ്ങള്‍ നടപ്പാക്കി. ഇതില്‍ ഏറ്റവും മികച്ചതാണ് ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ്. വിലക്കയറ്റം പിടിച്ചു നിര്‍ത്തുമെന്നു പറഞ്ഞാണ് പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്. എന്നാല്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്തിയില്ല എന്നു മാത്രമല്ല, വില മൂന്നും നാലും ഇരട്ടിയായി ഉയരുകയും ചെയ്തു.
സാധാരണക്കാരന് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ഒറ്റയ്ക്ക് നിന്നാല്‍ ഇന്നത്തെ അവസ്ഥ മാറ്റിയെടുക്കാന്‍ എത്രത്തോളം പ്രായോഗികമാകും എന്ന ആശങ്ക ഉണ്ടായിരുന്നു. ഇതിനേക്കാളുപരി പാര്‍ട്ടിയുടെ വളര്‍ച്ച കണ്ട്, ട്വന്റി ട്വന്റിയെ ഇല്ലായ്മ ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ എല്‍ഡിഎഫ്, യുഡിഎഫ്, വെല്‍ഫെയര്‍ പാര്‍ട്ടി, എസ്ഡിപിഐ തുടങ്ങി 25 പാര്‍ട്ടികള്‍ ചേര്‍ന്ന് ജനകീയ മുന്നണി ഉണ്ടാക്കി. ഇവരെല്ലാം ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാണ് ട്വന്റി ട്വന്റി പാര്‍ട്ടിയെ നേരിട്ടത്. സാബു എം ജേക്കബ് പറഞ്ഞു.