Kerala
ശരണാമൃതം നിറച്ച് വൃശ്ചികപ്പുലരി; ശബരിമലയിൽ മണ്ഡല–മകരവിളക്ക് തീർഥാടനത്തിന് തുടക്കം
ശരണാമൃതം നിറച്ച് വൃശ്ചികപ്പുലരി; ശബരിമലയിൽ മണ്ഡല–മകരവിളക്ക് തീർഥാടനത്തിന് തുടക്കം.ഇന്ന് വൃശ്ചികം ഒന്ന്. ശരണ മന്ത്രങ്ങളാൽ മുഖരിതമായി ശബരിമല സന്നിധാനം.
മണ്ഡല–മകരവിളക്ക് തീർഥാടനത്തിന് തുടക്കം കുറിച്ച് വൃശ്ചികം ഒന്നാം തീയതി പുലർച്ചെ ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ തിരുനട തുറന്നു. അയ്യപ്പദർശനത്തിനായി എത്തിയ ആയിരക്കണക്കിന് ഭക്തരുടെ ശരണമന്ത്രങ്ങൾക്കിടയിൽ സന്നിധാനം ഭക്തിസാന്ദ്രമായി.
പുതിയ മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് വൃശ്ചികം ഒന്നിലെ പൂജകൾക്ക് തുടക്കമായത്. പുലർച്ചെ മൂന്നിന് തിരുനട തുറന്ന് നിർമാല്യദർശനം, അഭിഷേകം തുടങ്ങിയ ചടങ്ങുകൾ നടന്നു. തുടർന്ന് നെയ്യഭിഷേകത്തിനും അയ്യപ്പദർശനത്തിനുമായി ഭക്തർ സന്നിധാനത്ത് എത്തിത്തുടങ്ങി.
41 ദിവസം നീളുന്ന മണ്ഡലവ്രതത്തിലൂടെ ഭക്തിയും വ്രതശുദ്ധിയും നിറഞ്ഞ തീർഥാടനകാലത്തിനാണ് തുടക്കമായിരിക്കുന്നത്. വരും ദിവസങ്ങളിൽ കേരളത്തിനകത്തും പുറത്തുനിന്നുമായി ലക്ഷക്കണക്കിന് ഭക്തരാണ് അയ്യപ്പദർശനത്തിനായി ശബരിമലയിലെത്തുക.
കാനനപാതകളിലും മലമടക്കുകളിലും ഇനി മുഴങ്ങുക അയ്യപ്പഭക്തിയുടെ ശരണ മന്ത്രങ്ങളാണ്. വ്രതശുദ്ധിയോടെ ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി കയറാനുള്ള കാത്തിരിപ്പിലാണ് അയ്യപ്പഭക്തർ.
സ്വാമിയേ ശരണമയ്യപ്പാ!