Sports
ഐസിസി ഏകദിന റാങ്കിങിൽ ബാബർ അസമിനെ പിന്തള്ളി രോഹിത് ശർമ രണ്ടാം സ്ഥാനത്ത്
വിരമിക്കൽ വിവാദം പുകയുന്നതിനിടെ ഐസിസി പുരുഷ ഏകദിന റാങ്കിങിൽ ബാറ്റിങിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ രണ്ടാം സ്ഥാനത്തേക്കുയർന്നു. പാക്കിസ്ഥാൻറെ ബാബർ അസമിനെ പിന്തള്ളിയാണ് രോഹിത് റാങ്കിങ്ങിൽ സ്ഥാനമുയർത്തിയത്. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ബാബറിന്റെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് റാങ്കിങ്ങിലെ മാറ്റം സംഭവിച്ചത്.
മൂന്ന് മത്സരങ്ങളിൽ നിന്ന് 18.66 ശരാശരിയിൽ 56 റൺസ് മാത്രമാണ് വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ബാബറിന് നേടാൻ സാധിച്ചത്. അതേസമയം ഇന്ത്യയുടെ ശുഭ്മൻ ഗിൽ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ബാബർ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഇന്ത്യയുടെ വിരാട് കോഹ്ലിയാണ് നാലാം സ്ഥാനത്തുള്ളത്. രോഹിതിൻറെയും കോഹ്ലിയുടെയും വിരമിക്കലിനെ കുറിച്ച് ക്രിക്കറ്റ് ലോകത്ത് അഭ്യൂഹം തുടരുന്നതിനിടെയിലാണ് ഇരുവരും ഐസിസി റാങ്കിങിൽ മികച്ച് സ്ഥാനങ്ങൾ നേടിയിരിക്കുന്നത്. അഞ്ച് ഇന്ത്യൻ താരങ്ങളാണ് ആദ്യ പതിനഞ്ചിൽ ഇടം പിടിച്ചിട്ടുള്ളത്.