Kerala
സ്നേഹവീടിന് കല്ലിട്ടു: സഹപാഠിക്ക് താങ്ങായി രാമപുരം സെന്റ് അഗസ്റ്റിൻസ് എൻ.എസ്.എസ് യൂണിറ്റുകൾ
രാമപുരം: സഹപാഠിക്ക് സുരക്ഷിതമായൊരു വീട് ഒരുക്കാൻ രാമപുരം സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റുകൾ നിർമിച്ചു നൽകുന്ന ‘സ്നേഹവീടിന്റെ’ കല്ലിടീൽ ചടങ്ങ് പൂവക്കുളത്ത് ഭക്തിസാന്ദ്രമായി നടന്നു.
സഹപാഠിയോടുള്ള സ്നേഹത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും പ്രതീകമായി ഉയരുന്ന സ്നേഹവീടിന്റെ ശിലാ ആശീർവാദ കർമ്മം പൂവക്കുളം സെന്റ് മേരീസ് പള്ളി വികാരി ഫാ. ജോർജ് കൊട്ടാരത്തിൽ നിർവ്വഹിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ഡിറ്റോ സെബാസ്റ്റ്യൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഫാ. ജോമോൻ പറമ്പിൽതടത്തിൽ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ മെൽവിൻ കെ. അലക്സ്, മരിയ ഷാജി, എന്നിവർ പ്രസംഗിച്ചു.
സഹപാഠിക്ക് പാർപ്പിടം ഒരുക്കുക എന്ന വലിയ ദൗത്യത്തിൽ പങ്കാളികളാകാൻ കഴിഞ്ഞതിന്റെ ആവേശത്തിലും സന്തോഷത്തിലുമാണ് വോളന്റീയർമാർ. ചടങ്ങിൽ വാർഡിലെ ജനപ്രതിനിധികളും നാട്ടുകാരും അധ്യാപകരും വിദ്യാർഥികളും ഉൾപ്പെടെ വലിയൊരു ജനവിഭാഗം പങ്കെടുത്തു.
എൻ.എസ്.എസ് വോളന്റീയർമാർ, അധ്യാപകർ, പി.ടി.എ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് വീടിന്റെ തുടർന്നുള്ള നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുക