Entertainment

ജയലളിത സർക്കാരിനെതിരെ സംസാരിച്ചതിന് തന്നെ മർദ്ദിച്ചു: രജനികാന്ത്‌

Posted on

: ജയലളിതയുടെ ആളുകൾ തന്നെ ജീപ്പിൽ കയറ്റിക്കൊണ്ടു പോയി മർദ്ദിച്ചെന്ന വെളിപ്പെടുത്തലുമായി തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത്. ജയലളിത സർക്കാരിനെതിരെ സംസാരിച്ചതിനായിരുന്നു ആള്‍ക്കൂട്ട മർദ്ദനമേറ്റതെന്നും താരം വെളിപ്പെടുത്തി. അന്ന് തന്നെ രക്ഷിച്ചത് നടനും സംവിധായകനും തിരക്കഥാകൃത്തുമായ കെ ഭാഗ്യരാജ് ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സിനിമയില്‍ 50 വർഷം പൂർത്തിയാക്കിയ കെ ഭാഗ്യരാജിനെ ആദരിക്കുന്ന ചടങ്ങിലാണ് രജനികാന്ത് തന്റെ അനുഭവം പങ്കുവച്ചത്.

രജനികാന്തിന്റെ പ്രസംഗത്തില്‍ നിന്ന്:

1995ല്‍ ശിവാജി ഗണേശന് ഷെവലിയർ കിട്ടിയ സമയമായിരുന്നു അത്. ആദരിക്കാൻ ഒരു വലിയ ചടങ്ങ് സംഘടിപ്പിച്ചു. സിനിമാമേഖലയിലുള്ളവരും രാഷ്ട്രീയക്കാരുമുള്‍പ്പെടെ പങ്കെടുത്ത ചടങ്ങായിരുന്നു അത്. അന്നത്തെ മുഖ്യമന്ത്രി ജയലളിത ആണ് ചടങ്ങ് സംഘടിപ്പിച്ചത്. പരിപാടിയുടെ അവസാനം നന്ദി പറയാനുള്ള ചുമതല എനിക്കായിരുന്നു. ഉള്ളിലെ കോപത്തിന് ആയുസ് കുറവാണെങ്കിലും സംസാരിക്കാൻ അവസരം ലഭിച്ചാല്‍ അത് പൊട്ടിത്തെറിച്ച്‌ പുറത്തുവരും. ഞാനന്ന് പ്രസംഗിച്ചത് ജയലളിതയെ വല്ലാതെ ബാധിച്ചു.

വേദിവിട്ട് പുറത്തിറങ്ങിയപ്പോള്‍ എഐഎഡിഎംകെ പ്രവർത്തകരും ആരാധകരുമെല്ലാം എനിക്കെതിരെ തിരിഞ്ഞു. എന്നോട് ജീപ്പില്‍ കയറാൻ പറഞ്ഞു. കൂടെയുണ്ടായിരുന്നവർ തടഞ്ഞിട്ടും ഞാൻ കയറി. എന്നെ അതില്‍ കയറ്റി അവർ ഗ്രൗണ്ടിലിട്ട് ജീപ്പ് കറക്കി. ഇതിനിടെ എന്റെ തലയ്ക്കിട്ട് അടിക്കുകയും തല്ലുകയും തെറിവിളിക്കുകയും ചെയ്തു. ഇതെല്ലാം കണ്ടുകൊണ്ട് ഒരു പൊലീസ് ഓഫീസർ നില്‍പ്പുണ്ട്. മുഖ്യമന്ത്രിയെ പറഞ്ഞതുകൊണ്ട് അദ്ദേഹം ഇടപെടാൻ പേടിച്ച്‌ നില്‍ക്കുകയാണ്.

ഇതിനിടെ ഭാഗ്യരാജ് സാർ ഇക്കാര്യം കണ്ടു. തടയാൻ പൊലീസുകാരനോട് ആവശ്യപ്പെട്ടു. എന്നാലദ്ദേഹം മിണ്ടിയില്ല. തുടർന്ന് അദ്ദേഹം ചൂടാവാൻ തുടങ്ങി. ഫിലിം ഇൻ‌ഡസ്ട്രി മുഴുവൻ ഇളകും, പ്രശ്‌നമാകും, മാദ്ധ്യമങ്ങളെ കാണും എന്നൊക്കെ പറഞ്ഞു. അങ്ങനെയാണ് പൊലീസ് ഉദ്യോഗസ്ഥൻ എന്നെ ആ ജീപ്പില്‍ നിന്നിറക്കി രക്ഷിക്കുന്നത്. ശേഷം എനിക്കുപോകാൻ വേറെയൊരു വാഹനം ഏർപ്പാടാക്കി തന്നു. ‘വീട്ടില്‍ ചെന്നിട്ട് കണ്ടിപ്പാ ഫോണ്‍ ചെയ്യണം’ എന്നുപറഞ്ഞ് ധൈര്യം തന്നുവിട്ടു. ആ നന്ദി എപ്പോഴുമുണ്ടായിരിക്കും സാർ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version