Kerala
രാഹുലിന് തിരിച്ചടി; രണ്ടാമത്തെ കേസിൽ അറസ്റ്റ് തടയാതെ ഹൈകോടതി
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ലൈംഗിക പീഡന പരാതിയില്‍ അറസ്റ്റ് തടയാതെ കോടതി. ഇന്ന് ഉച്ചയ്ക്ക് 2.45ഓടെയാണ് തിരുവനന്തപുരം സെഷൻസ് കോടതി ഹർജി പരിഗണിച്ചത്. രാഹുല്‍ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി വിശദമായ വാദം കേള്‍ക്കാൻ തിങ്കളാഴ്ചത്തേക്ക് മാറ്റി.
അതേസമയം രാഹുലിനെതിരായ ആദ്യ പീഡനക്കേസില്‍ ഈ മാസം 15 വരെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി ഇന്ന് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാമത്തെ കേസില്‍ രാഹുലിന് തിരിച്ചടിയേറ്റത്. ആദ്യ കേസില്‍ ഹൈക്കോടതിയില്‍ നിന്ന് ലഭിച്ച വിധിയുടെ പകർപ്പും ചേർത്തായിരുന്നു രണ്ടാമത്തെ ഹർജി നല്‍കിയത്.
രാഹുലിനെതിരെ കേസ് രജിസ്റ്റർ ചെയ്തെങ്കിലും പരാതിക്കാരിയുടെ മൊഴിയെടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനാല്‍ കൂടുതല്‍ അന്വേഷണവും നടന്നിട്ടില്ല.
എങ്കിലും തെളിവുകളുടെ അടിസ്ഥാനത്തില്‍ രാഹുലിനെ അറസ്റ്റ് ചെയ്യാനുളള സാദ്ധ്യത നിലനില്‍ക്കുന്നുണ്ട്. അതിനാലാണ് രണ്ടാമത്തെ കേസിലും അതിവേഗം ജാമ്യഹർജി നല്‍കിയത്.