Kerala

ഇനി വഴിയേ പോകുന്നവർക്കൊന്നും പി എസ് സി മെമ്പർ ആവാൻ പറ്റില്ല :പോകുന്ന പോക്കിൽ മുൻഗവർണ്ണർ പി എസ് സി പിരിച്ചു വിടണമെന്ന് രാഷ്ട്രപതിക്ക് ശുപാർശ നൽകി

Posted on

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി.) നിയമനങ്ങളിൽ വൻ മാറ്റങ്ങൾക്ക് കളമൊരുങ്ങുന്നു. പി.എസ്.സി. അംഗങ്ങളുടെ നിയമനത്തിനുള്ള ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ സർക്കാരിന് പൊതുഭരണ സെക്രട്ടറിയുടെ ശുപാർശ. ഇതിനിടെ, പി.എസ്.സി. ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ രാഷ്ട്രപതിക്ക് ശുപാർശ നൽകിയത് വൻ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.

നിലവിൽ പി.എസ്.സി. അംഗങ്ങൾക്ക് പ്രത്യേക വിദ്യാഭ്യാസ യോഗ്യത നിശ്ചയിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ, ബിരുദം അടിസ്ഥാന യോഗ്യതയാക്കണമെന്ന് പൊതുഭരണ സെക്രട്ടറിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്. പി.എസ്.സി. അംഗങ്ങളുടെ നിയമനത്തിന് പ്രത്യേക ഇന്റർവ്യൂ ബോർഡ് വേണമെന്നും, അപേക്ഷകരുടെ യോഗ്യതയും പ്രവൃത്തിപരിചയവും കൃത്യമായി പരിശോധിക്കണമെന്നും ശുപാർശയിലുണ്ട്. കമ്മീഷനിലെ അംഗസംഖ്യ പരിമിതപ്പെടുത്തണമെന്നും പൊതുപ്രവർത്തകരെ അംഗങ്ങളാക്കുന്നതിൽ വ്യക്തമായ മാനദണ്ഡങ്ങൾ കൊണ്ടുവരണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു. ഇതിനിടെ, പി.എസ്.സി. ചെയർമാനെതിരെ ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിൽ, ചെയർമാൻ അടക്കം ആകെ 16 അംഗങ്ങളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ രാഷ്ട്രപതിക്ക് ശുപാർശ നൽകി.

രാജേന്ദ്ര അർലേക്കർ സ്ഥാനമൊഴിയുന്നതിന് ഒരാഴ്ച മുമ്പാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു നടപടി ഉണ്ടാകുന്നത്. ഐ.ജി. അജിതാബീഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗവർണർ ഈ നിർണായക തീരുമാനം എടുത്തത്. ലോക്ഭവന്റെ നിർദ്ദേശപ്രകാരം ക്രൈംബ്രാഞ്ച് തയ്യാറാക്കിയ റിപ്പോർട്ടിൽ, കേസെടുത്ത സാഹചര്യവും ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന കാര്യവും വ്യക്തമാക്കുന്നുണ്ട്. ചെയർമാന്റെ നിയമന അധികാരി ഗവർണറാണെങ്കിലും, പദവിയിൽ നിന്ന് നീക്കം ചെയ്യാനുള്ള അധികാരം രാഷ്ട്രപതിക്കാണ്. കൂടാതെ, സുപ്രീം കോടതിയുടെ അനുമതി കൂടി ഉണ്ടായാൽ മാത്രമേ അന്തിമമായി പുറത്താക്കൽ നടപടികൾ പൂർത്തിയാക്കാനാകൂ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version