Kerala
സ്വയം ഒഴിയുമെന്ന് പറഞ്ഞവരെ കഴുത്തിൽ പിടിച്ച് ഇറക്കാത്തതാണോ പ്രശ്നം. നിലവിൽ റോഡിനായുള്ള ഒരിടത്തും കൈയ്യേറ്റമോ, തടസ്സമോ ഇല്ല. നഗരവികസന മുന്നണി കൺവീനർ ബിജു പാലൂപടവൻ
പാലാ: ജനറൽ ആശുപത്രി റോഡിൻ്റെ ഓരത്ത് പെട്ടിക്കട നടത്തുന്നവർ റോഡ് ടാറിംഗിനു മുൻപ് സ്വയം ഒഴിഞ്ഞു പോകുന്നതിന് തയ്യാറാണെന്നന്ന് നേരിട്ട് അറിയിച്ചിരിക്കവെ അവരെ ബലപ്രയോഗം നടത്തി ഇറക്കിവിടുന്നത് കാണണമെന്നുള്ള വാശി എന്തിനെന്ന് നഗരവികസന മുന്നണി കൺവീനർ ബിജു പാലൂപടവൻ ചോദിച്ചു.
റോഡിൻ്റെ അലൈൻമെൻ്റിലോ, ടാർ ചെയ്യേണ്ട ഭാഗത്തോ നിലവിൽ ഒരു തടസ്സവും ഇല്ല. ഉണ്ടെങ്കിൽ നിർമ്മാണ ചുമതലയുള്ള പൊതുമരാമത്ത് വകുപ്പ് മറുപടി പറയട്ടെ.ഒരു പെട്ടിക്കടക്കാരൻ്റെ കേസ് കോടതിയിലുമാണ്.40 വർഷമായി അവിടെയിരുന്ന് ഉപജീവനം കഴിഞ്ഞവർ നിയമപരമായി ഒഴിവാകാൻ ബാധ്യസ്ഥരാണെങ്കിലും മാനസികമായി അവർക്ക് ബുദ്ധിമുട്ട് ഉണ്ടാകുമെന്നത് സ്വഭാവികമാണ്. ബലപ്രയോഗം അവസാന മാർഗ്ഗമാണ്.
സ്വയം ഒഴിഞ്ഞു പോകുന്ന പെട്ടി കടക്കാർക്ക് മാനുഷിക പുനരധിവാസത്തിന് അനുമതി ചോദിക്കുക മാത്രമാണ് നഗര സഭ ചെയ്തത്.
ആശുപത്രി മാനേജിംഗ് കമ്മിറ്റിയിലും ഒരേ നിലപാടാണ് നഗരസഭ സ്വീകരിച്ചത്. ജോസ്.കെ.മാണി എം.പി ഇന്നലെ പെട്ടി കടക്കാരുമായി നടത്തിയ ചർച്ചയിലും ഉടൻ സ്വയം ഒഴിഞ്ഞു മാറുമെന്ന് അറിയിച്ചിട്ടുണ്ട്.നഗരസഭാ സെക്രട്ടറി സമയം കാണിച്ച് നിയമപരമായ നോട്ടീസും നൽകിയിട്ടുണ്ട്.
മുൻ സർക്കാരിൻ്റെ കാലത്ത് ബജറ്റിലൂടെ തുക വകയിരുത്തി ഭരണാനുമതി ലഭിച്ച ആശുപത്രി റോഡിൻ്റെ നവീകരണം ഒരു വർഷമായി ഇഴഞ്ഞ് നീങ്ങി ജനങ്ങൾക്ക് ദുരിതം വിതയ്ക്കുന്ന സാഹചര്യത്തിലാണ് നഗരസഭ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ഉത്സവകാലത്തിനു മുമ്പ് റോഡ് നിർമ്മാണം പൂർത്തിയാക്കുന്നതിന് ഇടപെടൽ നടത്തിയതും കർശന നടപടി സ്വീകരിച്ചതും.വെറും 115 മീറ്റർ മാത്രമുള്ള റോഡ് നിർമ്മാണം ഒരു വർഷം പിന്നിട്ടിട്ടും ചുമതലപ്പെട്ടവർ അനങ്ങാതെയും ഇടപെടാതെയും ഇരുന്ന സാഹചര്യത്തിലാണ് ഒരു പൊതു ജനകീയ ഭരണ സ്ഥാപനം എന്ന നിലയിൽ നഗരസഭ ഇടപെട്ടതും അതേ തുടർന്ന് അതിവേഗം പണികൾ പുരോഗമിക്കുന്നതും.
റോഡ് നിർമ്മാണത്തിൽ നഗരസഭയ്ക്ക് ഒരു ബന്ധവുമില്ല. പൊതുമരാമത്ത് വകുപ്പാണ് റോഡ് നിർമ്മാണം നടത്തുന്നത്.ഇതിനാവശ്യമായ എല്ലാ സൗകര്യങ്ങളും സഹകരണങ്ങളും നഗരസഭ നൽകിയിട്ടുമുണ്ട് എന്ന് പാലൂപടവൻ വ്യക്തമാക്കി.റോഡ് പണി നീട്ടികൊണ്ടു പോയി നഗരസഭ എന്തോ തടസ്സം വരുത്തുന്നു എന്ന് പ്രചരിപ്പിച്ച് മുതലെടുക്കുകയാണ് ഇതുമായി ഒരു ബന്ധവുമില്ലാത്തവർ നടത്തുന്നത്.
റോഡ് പണി മുടങ്ങിക്കിടക്കുന്നത് കാണുവാൻ ചിലർ ആഗ്രഹിക്കുന്നു. ആ ആഗ്രഹം വേണ്ട. സർക്കാർ 2 കോടി ഫണ്ട് അനുവദിക്കുന്നതിന് മുൻപ് കഴിഞ്ഞ LDF നഗരസഭ ഭരണ സമിതി റോഡിൻ്റെ ശോചീനിയാവസ്ഥ പരിഹരിക്കുന്നതിനും ഓട സ്ലാബ് ഇട്ട് വീതി കൂട്ടുന്നതിനും 20 ലക്ഷം രുപ അനുവദിച്ചിരുന്നു.എന്നാൽ ഈ തുക അപര്യാപ്തമായതിനാൽ ജോസ്. കെ.മാണി എംപി യെ അന്നത്തെ നഗരസഭ ഭരണാധികാരികൾ സമീപിക്കുകയും തുടർന്ന് അദ്ദേഹം സർക്കാരിൽ സമ്മർദ്ദം ചെലുത്തിയതിൻ്റെ ഭാഗമായി 2 കോടി രൂപ അനുവദിക്കുകയും ചെയ്തു. ഇതിൽ രാഷ്ട്രിയം കലർത്താതെ റോഡ് നിർമ്മാണം ഉടൻ പൂർത്തികരിച്ച് കാണാനാണ് നഗരസഭ അഗ്രഹിക്കുന്നതെന്നും ബിജു പാലുപ്പടവൻ പറഞ്ഞു.