Kottayam

മുരിക്കുംപുഴയിലെ റോഡുകളുടെ ശോച്യാവസ്ഥ; സ്വതന്ത്ര മുന്നണി കൗൺസിലർമാർക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു

Posted on

 

പാലാ: പാലാ നഗരസഭയിലെ സ്വതന്ത്ര മുന്നണി കൗൺസിലർമാർ പ്രതിനിധീകരിക്കുന്ന വാർഡുകളിൽ വികസന പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്നും റോഡുകളിലെ കുഴികൾ പോലും അടയ്ക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്നും മുരിക്കുംപുഴയിലെ നാട്ടുകാർക്കിടയിൽ വ്യാപക പരാതി.

ആറുമാസത്തോളം സ്വതന്ത്ര മുന്നണിയിലെ ഒരംഗം നഗരസഭാ ചെയർപേഴ്സൺ സ്ഥാനത്ത് ഇരുന്നിട്ടും 13,14,15 വാർഡുകളിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

മുരിക്കുംപുഴ ദേവീക്ഷേത്രത്തിന് മുമ്പിലുണ്ടായിരുന്ന റോഡിലെ കുഴികൾ അടയ്ക്കണമെന്ന് പ്രദേശവാസികൾ വാർഡ് കൗൺസിലറായ സ്വതന്ത്ര മുന്നണി അംഗത്തിനോട് ആവശ്യപ്പെട്ടിട്ടും പരാതി അവഗണിക്കപ്പെട്ടതായും നാട്ടുകാർ പറയുന്നു. എന്നാൽ പുതിയ ചെയർപേഴ്സൺ ചുമതലയേറ്റതിനുശേഷം ഈ കുഴികൾ അടച്ചത് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

മുരിക്കുംപുഴ കണ്ണാടിയുറുമ്പ് റോഡിന്റെ ശോച്യാവസ്ഥയും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. റോഡിന്റെ അവസ്ഥ കണ്ട് ഇതിനെ നഗരസഭയിലെ റോഡെന്നതിനേക്കാൾ ഓഫ് റോഡ് എന്ന് വിളിക്കുന്നതാണ് ഉചിതമെന്ന് നാട്ടുകാർ പരിഹസിക്കുന്നു.

അതുപോലെ, മുരിക്കുംപുഴ ദേവീക്ഷേത്രത്തിന് മുമ്പിൽ എം.എൽ.എ. മാണി സി. കാപ്പന്റെ ഫണ്ടിൽനിന്ന് അനുവദിച്ച മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്ന ആവശ്യം നിലനിൽക്കെയാണ് സ്വതന്ത്ര മുന്നണി അംഗങ്ങളുടെ വീടുകൾക്കും റിസോർട്ടിനും സമീപം ലൈറ്റുകൾ സ്ഥാപിച്ചതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ ആവശ്യങ്ങൾക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന വികാരവും പ്രദേശവാസികൾക്കിടയിലുണ്ട്.

സ്വതന്ത്ര മുന്നണി കൗൺസിലർമാർ പ്രതിനിധീകരിക്കുന്ന വാർഡുകളിലെ കുടിവെള്ള പദ്ധതികളുടെ നടത്തിപ്പിലും വേണ്ടത്ര ഇടപെടലും മേൽനോട്ടവും ഉണ്ടാകുന്നില്ലെന്ന പരാതിയും ജനങ്ങൾ ഉന്നയിക്കുന്നു. പാലാ നഗരസഭയിലെ വികസനത്തിൽ ഏറെ പിന്നാക്കം നിൽക്കുന്ന മൂന്ന് വാർഡുകളായി ഇവ മാറിയെന്നാണ് പ്രദേശവാസികൾക്കിടയിലെ പൊതുവികാരം.

റോഡുകളുടെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കി റോഡുകൾ ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നും കുടിവെള്ള പദ്ധതികളിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. അടിയന്തര നടപടികൾ ഉണ്ടായില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭവുമായി രംഗത്തിറങ്ങേണ്ടിവരുമെന്ന മുന്നറിയിപ്പും പ്രദേശവാസികൾ നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version