Kerala
പിഎം ശ്രീയില്‍ വ്യക്തതയില്ല, കേന്ദ്ര വിമര്‍ശനമില്ല; യുഡിഎഫ് സര്‍ക്കാരിനെതിരെ സമസ്ത മുഖപത്രം
കൊച്ചി: പിഎം ശ്രീ ഉള്‍പ്പെടെ കേന്ദ്രവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കുന്നില്ലെന്ന് കാണിച്ച് യുഡിഎഫ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം രംഗത്ത്.
കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നതില്‍ സര്‍ക്കാര്‍ അതീവ ജാഗ്രത കാണിക്കുകയാണെന്നും സര്‍ക്കാരിന്റെ കാലത്ത് പല്ലും നഖവും ഉപയോഗിച്ച് ഇന്നത്തെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ശക്തിയുക്തം എതിര്‍ത്ത പല കാര്യങ്ങളും നടപ്പാക്കാനുള്ള വ്യഗ്രതയാണ് പുതിയ സര്‍ക്കാരിനെന്നും സുപ്രഭാതം മുഖപ്രസംഗത്തില്‍ പറയുന്നു.
കേരളത്തില്‍ ഭരണമാറ്റത്തോടെ, കൂടുതല്‍ സുതാര്യതയോടും ആശയവ്യക്തതയോടുംകൂടി ഇടപെടുന്ന ഒരു സര്‍ക്കാരിനെയാണ് ജനങ്ങള്‍ മനസില്‍ കണ്ടത്. എന്നാല്‍, ആ വിശ്വാസത്തെ തോല്‍പ്പിക്കുന്ന കാല്‍വെപ്പുകളാണ് സതീശന്‍ സര്‍ക്കാരിന്റെ ആദ്യദിനങ്ങളിലുണ്ടായത്.
നയപ്രഖ്യാപനത്തിലോ സംസ്ഥാനത്തെ സാമ്പത്തികസ്ഥിതി സംബന്ധിച്ച ധവളപത്രത്തിലോ ഒരു വരിയില്‍പോലും കേന്ദ്രവിമര്‍ശനം വരാതിരിക്കാനുള്ള അതീവ ജാഗ്രതയുണ്ടായി. കേരളത്തോടുള്ള കേന്ദ്ര അവഗണനക്കെതിരേ ഒരുപ്രമേയംപോലും നിയമസഭയില്‍ വന്നില്ലെന്നും മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാണിക്കുന്നു.