Kerala

ചങ്ങനാശേരിയുടെ വിശ്വാസ ഗോപുരം പാറേൽ പള്ളി ഇന്ന് കൂദാശ ചെയ്യുന്നു.;കേരളീയ വാസ്‌തുശില്‍പ ശൈലിയില്‍ 51,000 ചതുരശ്ര അടിയില്‍ നിര്‍മ്മിച്ച പുതിയസമുച്ചയത്തില്‍ മൂന്നു നിലകളിലായി മൂന്നു ദേവാലയങ്ങളാണുള്ളത്‌

Posted on

ചങ്ങനാശേരി: ഒരു നൂറ്റാണ്ടിലേറെയായി ചങ്ങനാശേരിയുടെ മണ്ണില്‍ ജ്വലിച്ചു നില്‍ക്കുന്ന പാറേല്‍ പള്ളിയ്‌ക്ക്‌ ഇനി വിശ്വാസത്തിന്റെ സ്വര്‍ഗീയ കിരീടം. പുതിയ പള്ളിയുടെ കൂദാശയും ബസിലിക്ക പ്രഖ്യാപനവും ഇന്ന്‌.ചടങ്ങുകള്‍ പൂര്‍ത്തിയാകുന്നതോടെ മര്‍ത്ത്‌മറിയം ഇമ്മാക്കുലേറ്റ്‌ കണ്‍സെപ്‌ഷന്‍ ഷ്രൈന്‍ ബസിലിക്ക എന്ന പേരില്‍ ലോക കത്തോലിക്കാ സഭയുടെ ഭൂപടത്തില്‍ ഇടംപിടിക്കും.

ദേവാലയങ്ങള്‍ക്കു പുറമെ മരിയന്‍ ടവര്‍, ജപമാലപ്പാത, മണിമാളിക, പാറേല്‍ അത്ഭുത കിണര്‍, കോണ്‍ഫറന്‍സ്‌ ഹാള്‍, ഡൈനിങ്‌ ഹാള്‍, ഐക്കണ്‍ ഗാലറി, ആവേമരിയ ഗിഫ്‌റ്റ് ഷോപ്പ്‌, അമ്മ കഫേ, പാര്‍ക്കിങ്‌, ശുചിമുറി സമുച്ചയങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്‌. 50.67 മീറ്റര്‍ ഉയരമുള്ള മണിമാളികയാണ്‌ സമുച്ചയത്തിന്റെ മറ്റൊരു ആകര്‍ഷണം.

ഇന്നുമുതല്‍ 27വരെയും ഡിസംബര്‍ 24-നുമായാണു ചടങ്ങുകള്‍ നടക്കുക. ഇന്ന്‌ ഉച്ചയ്‌ക്ക് രണ്ടിന്‌ പാറേല്‍ മര്‍ത്തമറിയം വലിയപള്ളിയുടെ കൂദാശയും കുര്‍ബ്ബാനയും മാര്‍ ജോസഫ്‌ പെരുന്തോട്ടത്തിന്റെ കാര്‍മികത്വത്തില്‍ നടക്കും. മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ സന്ദേശം നല്‍കും.

ആര്‍ച്ച്‌ ബിഷപ്‌ മാര്‍ തോമസ്‌ തറയില്‍, റവ:തോമസ്‌ മാര്‍ കൂറിലോസ്‌, ഡോ.തോമസ്‌ ജെ.നെറ്റോ, മാര്‍ തോമസ്‌ ഇലവനാല്‍, ഡോ.സെല്‍വിസ്‌റ്റന്‍ പൊന്നുമുത്തന്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരാകും. വൈകിട്ട്‌ അഞ്ചിന്‌ മാര്‍ തോമസ്‌ തറയില്‍ ബസലിക്കാപദവി പ്രഖ്യാപനം നടത്തും.കേരളീയ വാസ്‌തുശില്‍പ ശൈലിയില്‍ 51,000 ചതുരശ്ര അടിയില്‍ നിര്‍മ്മിച്ച പുതിയസമുച്ചയത്തില്‍ മൂന്നു നിലകളിലായി മൂന്നു ദേവാലയങ്ങളാണുള്ളത്‌.

3,000 പേര്‍ക്ക്‌ ഇരിക്കാവുന്ന മര്‍ത്ത്‌മറിയം വലിയ പള്ളിയുടെ കൂദാശയാണ്‌ ഇന്നു നടക്കുന്നത്‌. 900 പേര്‍ക്ക്‌ ഇരിക്കാവുന്നതാണ്‌ 23ന്‌ കൂദാശ ചെയ്യുന്ന അമലോത്ഭവമാതാ പള്ളി. മിശിഹായുടെ കല്ലറയുടെ രൂപത്തില്‍ നിര്‍മ്മിച്ച ക്രിപ്‌റ്റ് ദേവാലയത്തിന്റെ കൂദാശ ഡിസംബര്‍ 24-ന്‌ മാര്‍ ജോര്‍ജ്‌ കര്‍ദിനാള്‍ കൂവക്കാട്‌ നിര്‍വഹിക്കും. 50-ലധികം വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ ക്രിപ്‌റ്റ് ദേവാലയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്‌.

24ന്‌ വൈകിട്ട്‌ 4.15ന്‌ നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം മുഖ്യമന്ത്രി വി.ഡി.സതീശന്‍ ഉദ്‌ഘാടനം ചെയ്യും. ആര്‍ച്ച്‌ബിഷപ്‌ മാര്‍ തോമസ്‌ തറയില്‍ അധ്യക്ഷത വഹിക്കും. ശിവഗിരിമഠം പ്രസിഡന്റ്‌ സ്വാമി ഋതംഭരാനന്ദ,പാണക്കാട്‌ സയ്യിദ്‌ സാദിഖ്‌ അലിശിഹാബ്‌ തങ്ങള്‍, എന്നിവര്‍ മുഖ്യപ്രഭാണങ്ങള്‍ നടത്തും.

25-ന്‌ വൈകിട്ട്‌ 4.30-ന്‌ നടക്കുന്ന കുർബാനയ്‌ക്ക് മാര്‍ മാത്യുമൂലക്കാട്ട്‌ കാര്‍മ്മികത്വം വഹിക്കും. വൈകിട്ട്‌ ആറിന്‌ മാര്‍ ജോര്‍ജ്‌ കോച്ചേരിയുടെ കാര്‍മ്മികത്വത്തില്‍ നിത്യാരാധനകപ്പേളയുടെയും കുമ്പസാരവേദികളുടെയും വെഞ്ചരിപ്പ്‌ നടക്കും. 6.30ന്‌ എസ്‌.ബി.കോളജ്‌ മൈതാനിയില്‍ ഫാ. ഷാജി തുമ്പേച്ചിറയും സംഘവും അവതരിപ്പിക്കുന്ന സ്‌റ്റേജ്‌ ഷോ ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version