Kerala
പിഎം ശ്രീ;കമ്മ്യൂണിസ്റ്റുകാരെ തെറ്റിപ്പിക്കാന്‍ നോക്കണ്ടെന്ന് വി ശിവൻകുട്ടി; സിപിഐ സഖാക്കള്‍ സഹോദരന്മാരെന്ന് എം എ ബേബി
തിരുവനന്തപുരം: പിഎം ശ്രീയിലെ എസ്എസ്കെ ഫണ്ടുമായി ബന്ധപ്പെട്ട് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഇത് ഉപസമിതി പരിശോധിക്കുമെന്നും നിലവില്‍ നടപടി ക്രമങ്ങള്‍ ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കമ്മ്യൂണിസ്റ്റുകാരെ തെറ്റിപ്പിക്കാന്‍ ശ്രമിക്കേണ്ടതില്ല. ചട്ടിയും കലവും ആകുമ്പോള്‍ തട്ടിയും മുട്ടിയുമിരിക്കും. അതൊക്കെ എല്ലായിടത്തും ഉണ്ടാവുന്നതല്ലെ. പിഎം ശ്രീ വിവാദമെല്ലാം അവസാനിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, പിഎം ശ്രീയി വിഷയം ക്യാബിനറ്റ് ചര്‍ച്ച ചെയ്ത് മുഖ്യമന്ത്രി വിശദീകരണം നല്‍കിയതാണെന്ന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി എം എ ബേബി പ്രതികരിച്ചു. എംഒയുവില്‍ വ്യക്തത വരുത്താന്‍ ഉപസമിതി രൂപീകരിക്കുകയാണ്. ഉപസമിതി മുന്നോട്ടുപോകുമ്പോള്‍ പിഎം ശ്രീയില്‍ ഒരു അനന്തര നടപടികളും ഉണ്ടാകില്ല.
ഇതാണ് ധാരണ. ഇത് സിപിഐ-സിപിഐഎം നേതൃത്വങ്ങള്‍ അംഗീകരിച്ചതാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയും അംഗീകരിച്ചു. ചില മാധ്യമങ്ങള്‍ ഒരുപാട് മനക്കോട്ട കെട്ടി. അത്തരം വിശകലനങ്ങള്‍ അടിസ്ഥാനരഹിതമായി.