Kerala
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ശക്തമായ നടപടി ഉടൻ; ദേശീയ സംസ്ഥാന നേതൃത്വങ്ങളുമായി കൂടിയാലോചിച്ച് നടപടിയെടുക്കുമെന്ന് പി.സി വിഷ്ണുനാഥ്
പാലക്കാട്: ലൈംഗിക അതിക്രമ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉടൻ നടപടിയെന്ന് പിസി വിഷ്ണുനാഥ്. ദേശീയ സംസ്ഥാന നേതൃത്വങ്ങൾ കൂടിയാലോചിച്ച് രാഹുലിനെതിരെ കോൺഗ്രസ് ശക്‌തമായ നടപടി ഉടൻ എടുക്കുമെന്നാണ് കെപിസിസി വർക്കിങ് പ്രസിഡന്‍റ് പി.സി വിഷ്ണുനാഥ് എംഎൽഎ അറിയിച്ചത്.
ആരോപണം ഉയർന്നപ്പോൾ തന്നെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ദേശീയ സംസ്ഥാന നേതൃത്വങ്ങൾ കൂടിയാലോചിച്ച് മാതൃകപരമായ കൂടുതൽ നടപടി സ്വീകരിക്കും. വിധേയരെ സംസ്ഥാനം ഭരിക്കാൻ അനുവദിച്ച സിപിഎമ്മിന് കോൺഗ്രസിനെതിരെ പറയാൻ അവകാശമില്ലെന്നും വിഷ്ണുനാഥ് പറഞ്ഞു.
ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം ജില്ലാ കോടതിയുടെ വിധി ഇന്നുണ്ടായേക്കും. അപേക്ഷയിലെ തുടർവാദത്തിന് ശേഷമായിരിക്കും വിധി.
രാഹുലിനെതിരെ കൂടുതൽ തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിക്കും. ഉഭയ സമ്മതപ്രകാരമുള്ള ബന്ധമാണ് യുവതിയുമായി ഉണ്ടായിരുന്നത്. ബലാത്സംഗം ചെയ്യുകയോ യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയോ ചെയ്തിട്ടില്ലെന്നാണ് രാഹുലിന്‍റെ വാദം. എന്നാൽ രാഹുൽ യുവതിയെ ബലാൽസംഗം ചെയ്തതിനും ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചതിനും തെളിവുകളും സാക്ഷി മൊഴികളും ഉണ്ടെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നത്.