Kerala
നിമിഷപ്രിയയുടെ മോചനം ഉമ്മൻ ചാണ്ടിയുടെ സ്വപ്നം; സാധ്യമാക്കാന്‍ വേണ്ടതെല്ലാം ചെയ്യും: ചാണ്ടി ഉമ്മൻ
തൃശൂര്‍: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനം ഉമ്മന്‍ ചാണ്ടിയുടെ സ്വപ്‌നമായിരുന്നുവെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ.
അത് സാധ്യമാക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും ഇതിനായി വിവിധ രാജ്യങ്ങളിലെ ജനപ്രതിനിധികളുമായി നേരത്തെ തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. മോചനത്തിന് വേണ്ട തുക താന്‍ നൽകാം എന്ന് രേഖമൂലം എഴുതി കൊടുത്തിരുന്നു. പിന്നീട് കാര്യമായ ചലനം ഉണ്ടായില്ല. വധശിക്ഷ വിധിക്കുകയാണ് ചെയ്തതെന്നും ചാണ്ടി ഉമ്മന്‍ അറിയിച്ചു.
നിമിഷപ്രിയയുടെ വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെട്ടത് മനുഷ്യത്വപരമയാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ‘ഗവര്‍ണറുടെ ഇടപെടലിന് ശേഷം എംബസിക്ക് കത്ത് നല്‍കാന്‍ സാധിച്ചു.
കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരുടെ ഇടപെടലിലൂടെ മത പണ്ഡിതരെ വിഷയത്തില്‍ പ്രശ്‌ന പരിഹാരത്തിന് ഇറക്കാനായി. റിയാദിലെ വ്യവസായി സാജന്‍ ലത്തീഫ് ഉള്‍പ്പെടെ ഈ കാര്യങ്ങളില്‍ ഇടപെടുന്നുണ്ട്. ഇപ്പോഴും പൂര്‍ണമായ ആശ്വാസം ഉണ്ടായിട്ടില്ല. ഇനിയും ചര്‍ച്ചകള്‍ നടത്താന്‍ തയ്യാറാണ് ‘ ചാണ്ടി ഉമ്മന്‍ പറഞ്ഞു.