Kerala

മുഖ്യമന്ത്രി അഹങ്കാരി, ഇനി കാല് പിടിക്കാനില്ല; സർക്കാരിനെതിരെ എൻഎസ്എസ്

Posted on

കോട്ടയം: മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച ജി സുകുമാരന്‍ നായര്‍ പുതിയ മുഖ്യമന്ത്രി അഹങ്കാരിയാണെന്ന് കുറ്റപ്പെടുത്തി.

പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് എന്‍എസ്എസിന്റെ ബജറ്റ് സമ്മേളനത്തിനിടെ പ്രസംഗത്തിലാണ് സുകുമാരന്‍ നായരുടെ വിമര്‍ശനം ഉണ്ടായത്. ഇനി മുഖ്യമന്ത്രിയുടെ കാല് പിടിക്കാന്‍ ഇല്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

സാമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങാന്‍ പോകില്ലെന്ന സതീശന്റെ പഴയകാല പരാമര്‍ശങ്ങള്‍ വീണ്ടും ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. പണ്ട് പലതവണ എന്‍എസ്എസ് ആസ്ഥാനത്തെത്തി സുകുമാരന്‍ നായരെ കാണാനായി കാത്തുനിന്ന വ്യക്തിയാണ് ഒടുവില്‍ നിലപാട് മാറ്റി അഹങ്കാരിയായ രീതിയില്‍ പ്രവര്‍ത്തിച്ചതെന്നാണ് മുഖ്യമന്ത്രിക്കെതിരെയുള്ള പ്രധാന വിമര്‍ശനം.

കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി രണ്ടുതവണ എന്‍എസ്എസ് നേതൃത്വം മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നു. ഇന്‍കം ടാക്സ് ഭേദഗതിയുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ച ആവശ്യപ്പെട്ടത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നല്‍കിയ നിവേദനത്തിന്റെ തുടര്‍ച്ചയായിരുന്നു ഇത്. എന്നാല്‍, രണ്ട് തവണയും കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചില്ല. ഇതിന് പിന്നാലെയാണ് പെരുന്നയില്‍ ഇന്ന് ചേര്‍ന്ന എന്‍എസ്എസ് വാര്‍ഷിക ബജറ്റ് യോഗത്തില്‍ മുഖ്യമന്ത്രിക്കെതിരേ വിമര്‍ശനമുന്നയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version