Kerala
നിമിഷപ്രിയയുടെ ഭര്‍ത്താവിനോടൊപ്പം ഗവര്‍ണറെ വീണ്ടും കണ്ട് ചാണ്ടി ഉമ്മന്‍; അമ്മയോട് സംസാരിച്ച് ഗവര്‍ണര്‍
തിരുവനന്തപുരം:യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനം ആവശ്യപ്പെട്ട് ചാണ്ടി ഉമ്മന്‍ എംഎല്‍എ ഗവര്‍ണറെ വീണ്ടും കണ്ടു. നിമിഷപ്രിയയുടെ ഭര്‍ത്താവ് ടോമി തോമസിനൊപ്പമാണ് ചാണ്ടി ഉമ്മന്‍ ഗവര്‍ണറെ കണ്ടത്.
നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയുമായി ഗവര്‍ണര്‍ വീഡിയോ കോളില്‍ സംസാരിച്ചു. നിമിഷപ്രിയയുടെ മോചനത്തിനായി വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്ന് ഗവര്‍ണര്‍ നിമിഷപ്രിയയുടെ അമ്മയോട് പറഞ്ഞു. ഇന്നലെ അമ്മയും ഉമ്മന്‍ചാണ്ടിയുടെ ഭാര്യയുമായ മറിയാമ്മ ഉമ്മനോടൊപ്പമാണ് ചാണ്ടി ഉമ്മന്‍ ഗവര്‍ണറെ കണ്ടത്.
അതേ സമയം നിമിഷപ്രിയ വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം നല്‍കി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം.
ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദ വാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.