Crime
ക്രിമിനൽ വിചാരണ പൂർത്തിയാകാൻ കാത്തിരിക്കരുത്;മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയാൽ അയാളുടെ ലൈസൻസ് റദ്ദാക്കണമെന്ന് ഹൈക്കോടതി
മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയാൽ അയാളുടെ ലൈസൻസ് റദ്ദാക്കണമെന്ന് ഹൈക്കോടതി. ക്രിമിനൽ വിചാരണ പൂർത്തിയാകാൻ കാത്തിരിക്കരുത്. മോട്ടോർ വാഹന വകുപ്പ് കടുത്ത നടപടി സ്വീകരിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. ലൈസൻസ് റദ്ദാക്കാനുള്ള അധികാരം അപൂർവമായാണ് അധികൃതർ വിനിയോഗിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.
കുന്നംകുളത്ത് മദ്യപിച്ച് വാഹനം ഓടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ സുപ്രധാന നിരീക്ഷണം. പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു. പ്രതിയുടെ ലൈസൻസും അനുബന്ധ രേഖകളും ഉടൻ തന്നെ ലൈസൻസിങ് അതോറിറ്റിക്ക് കൈമാറണമെന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് കോടതി നിർദേശം നൽകി. ലൈസൻസ് റദ്ദാക്കുന്നത് ഉറപ്പാക്കാൻ ട്രാൻസ്‌പോർട്ട് കമ്മീഷണർക്കും ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.
മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കുന്ന സംഭവത്തിൽ പ്രാഥമിക തെളിവ് ഉണ്ടെങ്കിൽ ലൈസൻസ് അതോറിറ്റി അടിയന്തരമായി ഇടപെടണം. മദ്യപിച്ച് വാഹനം ഓടിക്കൽ അടക്കമുള്ള ഗുരുതര ട്രാഫിക് നിയമലംഘനങ്ങളിൽ ലൈസൻസ് മൂന്നുമാസത്തേക്ക് സസ്‌പെൻഡ് ചെയ്യണമെന്ന് സുപ്രീംകോടതി റോഡ് സേഫ്റ്റി കമ്മിറ്റിയുടെ നിർദേശമുണ്ട്. റോഡ് സുരക്ഷ പൗരന്റെ ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ള കാര്യവും ഹൈക്കോടതി ഓർമ്മിപ്പിച്ചു.