Kerala
സമയ തര്‍ക്കത്തില്‍ സ്വകാര്യബസുകള്‍ക്ക് എംവിഡി മുന്നറിയിപ്പ്
കോട്ടയം: സ്വകാര്യബസ് സമയം തെറ്റി ഓടിയതിനെ തുടര്‍ന്നുള്ള തര്‍ക്കത്തില്‍ ഒരു ബസ് മറ്റൊരു ബസില്‍ മനഃപൂര്‍വ്വം കൊണ്ടിടിപ്പിച്ച സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്.
പന്തളം-കായംകുളം റൂട്ടിലോടുന്ന ‘രാഖി’എന്ന ബസില്‍ ‘ദുര്‍ഗ’ എന്ന പേരിലുള്ള സ്വകാര്യ ബസ് മനഃപൂര്‍വ്വം ഇടിപ്പിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ കുറിപ്പ്.
‘രണ്ടറ്റം കൂട്ടിമുട്ടിക്കണ്ടേ, പക്ഷെ ശുദ്ധ തെമ്മാടിത്തരം വെച്ചുപൊറുപ്പിക്കില്ല, പണി വരുന്നുണ്ട് അവറാച്ച…’ എന്ന കുറിപ്പോടെ 45 സെക്കന്റ് ദൈര്‍ഘ്യമുള്ള വിഡിയോ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവച്ചായിരുന്നു മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്.
വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെ പന്തളം മെഡിക്കല്‍ മിഷന്‍ കവലയ്ക്ക് സമീപമാണ് സംഭവം നടന്നത്. മുന്‍പില്‍ പോവുകയായിരുന്ന രാഖി ബസിന്റെ വശങ്ങളില്‍ ദുര്‍ഗ എന്ന ബസ് മനഃപൂര്‍വ്വം ചേര്‍ത്തുരയ്ക്കുന്നതും, അതിനുശേഷം മുന്നോട്ട് എടുത്ത ബസ് പെട്ടെന്ന് റിവേഴ്സ് വന്ന് വീണ്ടും രാഖി ബസിലേക്ക് ഇടിച്ചുകയറ്റുന്നതും വിഡിയോയില്‍ വ്യക്തമായി കാണാം.