Kerala
മൂന്നാറിൽ വീണ്ടും പടയപ്പയുടെ പരാക്രമം; യാത്രക്കാർ സഞ്ചരിച്ച കാർ തകർത്തു:ആനയുടെ ആക്രമണത്തിനിടെ കാറിലുണ്ടായിരുന്ന മൂന്നുപേരും പുറത്തിറങ്ങി ഓടി രക്ഷപ്പെട്ടു
ഇടുക്കി: മൂന്നാറിൽ വീണ്ടും ഭീതി പരത്തി കാട്ടുകൊമ്പൻ പടയപ്പ. പെരിയവാരയ്ക്ക് സമീപമാണ് യാത്രക്കാർ സഞ്ചരിച്ചിരുന്ന കാറിന് നേരെ പടയപ്പയുടെ ആക്രമണമുണ്ടായത്. മൂന്നാർ പഞ്ചായത്ത് അംഗം കറുപ്പസ്വാമിയുടെ ഉടമസ്ഥതയിലുള്ള കാറാണ് ആന തകർത്തത്.
വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു കറുപ്പസ്വാമിയും മകനും ബന്ധുവും. ഇതിനിടെയാണ് റോഡിൽ പടയപ്പയെ കണ്ടത്. ആനയെ കണ്ടതോടെ കാർ ഏകദേശം 20 മീറ്ററോളം പിന്നിലേക്ക് എടുത്തെങ്കിലും ഇരുവശത്തുനിന്നും വാഹനങ്ങൾ എത്തിയതോടെ മുന്നോട്ടോ പിന്നോട്ടോ പോകാനാകാത്ത അവസ്ഥയിലായി.തുടർന്ന് പടയപ്പ കാറിന്റെ അടുത്തെത്തി കൊമ്പുകൊണ്ട് വാഹനത്തിൽ അമർത്തുകയും കാലുകൊണ്ട് ചവിട്ടുകയും ചെയ്തു. ഇതോടെ കാറിന് വ്യാപകമായ കേടുപാടുകൾ സംഭവിച്ചു.ആനയുടെ ആക്രമണത്തിനിടെ കാറിലുണ്ടായിരുന്ന മൂന്നുപേരും പുറത്തിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. മറ്റു വാഹനങ്ങളിലുണ്ടായിരുന്നവർ ബഹളം വെച്ചതോടെ പടയപ്പ സമീപത്തെ കാട്ടിലേക്ക് പിൻവാങ്ങി.
ആനയുടെ ആക്രമണത്തിനിടെ കാറിലുണ്ടായിരുന്ന മൂന്നുപേരും പുറത്തിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. മറ്റു വാഹനങ്ങളിലുണ്ടായിരുന്നവർ ബഹളം വെച്ചതോടെ പടയപ്പ സമീപത്തെ കാട്ടിലേക്ക് പിൻവാങ്ങി.യാത്രക്കാർക്ക് പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തലനാരിഴയ്ക്കാണ് മൂന്നുപേരും വലിയ അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്.സാധാരണയായി വാഹനങ്ങൾക്ക് സമീപത്തുകൂടി കടന്നുപോകാറുള്ള പടയപ്പ വാഹനങ്ങളെ ആക്രമിക്കുന്നത് അപൂർവമാണെന്ന് വനംവകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
ഈ വർഷം ഫെബ്രുവരിയിലും മദപ്പാടിലായിരുന്ന സമയത്ത് പടയപ്പ വാഹനം ആക്രമിച്ചിരുന്നു.മൂന്നാർ മേഖലയിൽ പടയപ്പയുടെ സാന്നിധ്യം തുടരുന്നത് പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും ആശങ്കയുണ്ടാക്കുന്നുണ്ട്. വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യവും ശക്തമാകുകയാണ്.