Kerala
വയനാട് ദുരന്തബാധിതരോട് കോൺഗ്രസ് മര്യാദ കാണിച്ചില്ല; എം എൻ കാരശ്ശേരി
കൊച്ചി: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരോട് കോൺഗ്രസ് മര്യാദ കാണിച്ചില്ല എന്ന് എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ എം എൻ കാരശ്ശേരി. കോൺഗ്രസിന് അക്കാര്യത്തിൽ പ്രത്യേക ഉത്തരവാദിത്തമുണ്ടായിരുന്നു. പ്രിയങ്ക ഗാന്ധിയുടെ മണ്ഡലമാണ് അത്, മുൻപ് രാഹുൽ ഗാന്ധിയുടേതുമായിരുന്നു. എന്തും ചെയ്യാൻ കഴിയുന്നവർ ആയിരുന്നു ഇരുവരുമെന്നും എന്നിട്ടും എന്താണ് ഇവർ ചെയ്തത് എന്നും എം എൻ കാരശ്ശേരി ചോദിച്ചു.
മൂന്ന് നിയമസഭാ മണ്ഡലങ്ങളാണ് വയനാടുള്ളത്. അതിൽ രണ്ട് പേരും കോൺഗ്രസുകാരാണ്. എല്ലാ നിലയ്ക്കും വയനാടിന് ആഭിമുഖ്യം കാണിക്കേണ്ടവരായിരുന്നു കോൺഗ്രസുകാർ എന്നും എം എൻ കാരശ്ശേരി പറഞ്ഞു. കെപിസിസി പ്രസിഡന്റ് പത്രസമ്മേളനം വിളിച്ച് പിരിച്ച തുക വെളിപ്പെടുത്തിയിട്ടുണ്ട്.
എവിടെയാണ് സ്ഥലം വാങ്ങിയത്, എവിടെയാണ് വീട് വെച്ചത്, ആർക്കാണ് വീടുവെച്ചത് എന്നതെല്ലാം പ്രധാനമാണ്. ദുരന്തം ഉണ്ടായിട്ട് രണ്ട് കൊല്ലമായി. ഇങ്ങനെയൊരു ഉദാസീനതയും ഉഴപ്പും ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും എം എൻ കാരശ്ശേരി കൂട്ടിച്ചേർത്തു.