Kerala
പ്രായപൂർത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിക്കുന്ന സംഭവങ്ങളില്‍ കുട്ടികള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം രക്ഷിതാക്കള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഗതാഗതമന്ത്രി സി.പി ജോണ്‍
പ്രായപൂർത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിക്കുന്ന സംഭവങ്ങളില്‍ കുട്ടികള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം രക്ഷിതാക്കള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഗതാഗതമന്ത്രി സി.പി ജോണ്‍.
കുട്ടികള്‍ക്ക് വാഹനം നല്‍കുന്ന രക്ഷിതാക്കളാണ് ഉത്തരവാദികളെന്നും കുട്ടികള്‍ക്ക് വാഹനത്തിന്റെ താക്കോല്‍ കൈമാറരുതെന്നും മന്ത്രി പറഞ്ഞു. കുട്ടികളെ നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കില്‍ രക്ഷിതാക്കള്‍ വാഹനം വില്‍ക്കണമെന്നും അവരുടെ വീട്ടില്‍ വാഹനം വേണ്ടെന്നുമാണ് മന്ത്രിയുടെ പരാമർശം.
പ്രായപൂർത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിച്ച സംഭവങ്ങളില്‍ ഉന്നതരായ വ്യക്തികളുടെ പേരില്‍ പോലും കേസെടുത്തിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ യാതൊരു ദാക്ഷിണ്യവും ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി സി.പി ജോണ്‍ പറഞ്ഞു. 16, 17 വയസ്സുള്ള കുട്ടികള്‍ക്ക് ഉപദേശം നല്‍കിയതുകൊണ്ട് വലിയ കാര്യമുണ്ടാകുമെന്ന് കരുതുന്നില്ല. രക്ഷിതാക്കളുടെ വാഹനങ്ങള്‍ കുട്ടികള്‍ക്ക് ഉപയോഗിക്കാൻ നല്‍കാതിരിക്കുകയാണ് വേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിന് പ്രധാന കാരണങ്ങളിലൊന്ന് കാലഹരണപ്പെട്ട സമയക്രമമാണെന്ന് ഗതാഗതമന്ത്രി ചൂണ്ടിക്കാട്ടി. പതിറ്റാണ്ടുകള്‍ പഴക്കമുള്ള സമയക്രമത്തിലാണ് സ്വകാര്യ ബസുകള്‍ ഇപ്പോഴും സർവീസ് നടത്തുന്നത്. ഒരു കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ രണ്ടര മിനിറ്റ് മതിയെന്നാണ് സർക്കാർ നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ എറണാകുളം, കണ്ണൂർ തുടങ്ങിയ നഗരങ്ങളില്‍ ഗതാഗതക്കുരുക്ക് കാരണം ഈ സമയത്തിനുള്ളില്‍ ബസുകള്‍ക്ക് ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയുന്നില്ല. നിശ്ചിത സമയത്തിനുള്ളില്‍ എത്താനായില്ലെങ്കില്‍ നടപടികള്‍ നേരിടേണ്ടിവരുന്നതും മത്സരയോട്ടത്തിന് കാരണമാകുന്നുണ്ടെന്ന് മന്ത്രി വിശദീകരിച്ചു.
ഈ സാഹചര്യം പരിഹരിക്കുന്നതിനുള്ള നടപടികളാണ് ഗതാഗതമന്ത്രി എന്ന നിലയില്‍ സ്വീകരിച്ചുവരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ ഭാഗമായി കണ്ണൂരില്‍ ആർ.ടി.ഒയുടെ യോഗത്തില്‍ പീക്ക് ടൈം, നോണ്‍ പീക്ക് ടൈം എന്നിവ പരിഗണിച്ച് ബസുകള്‍ക്ക് ഫ്ലെക്സി ടൈം അനുവദിക്കണമെന്ന് നിർദേശം നല്‍കിയിട്ടുണ്ട്. സമയക്രമം പുനഃപരിശോധിക്കുന്ന കാര്യം സർക്കാർ ഗൗരവമായി പരിഗണിക്കുകയും നടപടികള്‍ സ്വീകരിച്ചുവരികയുമാണെന്നും മന്ത്രി പറഞ്ഞു.
ഡ്രൈവർമാരെയും ബസ് ഉടമകളെയും മാത്രം പിടിച്ച് നടപടിയെടുത്തതുകൊണ്ട് പ്രശ്നത്തിന് പരിഹാരമാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ബസുകള്‍ക്ക് മതിയായ സമയം അനുവദിച്ചശേഷവും നിയമലംഘനം തുടരുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സി.പി ജോണ്‍ വ്യക്തമാക്കി.