Kerala
പാലാ വിടണം; മാണി സി കാപ്പന് യുഡിഎഫ് നിര്‍ദേശം
കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി മാറ്റ ചർച്ചകള്‍ സജീവമാകുന്നതിനിടെ പാലാ സീറ്റില്‍ വിട്ടുവീഴ്ച ചെയ്യാന്‍ മാണി സി കാപ്പന് നിര്‍ദേശം നല്കി യുഡിഎഫ്. മുസ്ലിം ലീഗിന്റെ തിരുവമ്പാടി സീറ്റില്‍ മത്സരിപ്പിക്കാനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ മലപ്പുറത്തെ വീട്ടില്‍ വെച്ച് കൂടിക്കാഴ്ച നടത്തി.
തിരുവമ്പാടി സീറ്റിലെ സാധ്യതകള്‍ അറിയാനാണ് കൂടിക്കാഴ്ച നടത്തിയത്. കുഞ്ഞാലിക്കുട്ടിക്കൊപ്പം താമരശ്ശേരി ബിഷപ്പുമായി ബന്ധപ്പെട്ട സഭാ പ്രതിനിധികളുമുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെയാണ് മാണി സി കാപ്പനോട് പാല വിട്ടുനല്‍കാനുള്ള നിര്‍ദേശം വന്നിരിക്കുന്നത്. ജോസ് കെ മാണി യുഡിഎഫിലേക്ക് തിരികെ വരികയാണെങ്കില്‍ പാലാ സീറ്റ് അദ്ദേഹത്തിന് നല്‍കാനാണ് നീക്കം.