Kerala
ഗോവിന്ദന്‍റെ വാക്കും പുച്ഛിച്ചുള്ള ചിരിയും വേദനയുണ്ടാക്കി; കോൺഗ്രസിലേക്ക് പോകുന്നു എന്ന് വി എസിന്റെ പിഎ ആയിരുന്ന സുരേഷ്
പാലക്കാട്: കോൺഗ്രസിൽനിന്ന് ഇന്നുതന്നെ അംഗത്വം സ്വീകരിക്കുമെന്ന് അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പേഴ്സണൽ അസിസ്റ്റന്റ് ആയിരുന്ന എ സുരേഷ്. യുഡിഎഫ് വാഗ്ദാനം ചെയ്ത മലമ്പുഴ മണ്ഡലത്തിൽ ഇന്ന് തന്നെ പ്രചാരണം തുടങ്ങുമെന്നും എ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.
പല തവണ അപ്പീൽ നൽകിയിട്ടും എന്തുകൊണ്ട് പാർട്ടിയിലേക്ക് തന്നെ തിരിച്ചെടുത്തില്ലെന്ന് ചോദിച്ച മാധ്യമങ്ങളോട് നൂറ് തവണ അപ്പീൽ കൊടുത്താലും തന്നെ തിരിച്ചെടുക്കില്ലെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞത്. അദ്ദേഹത്തിന്റെ ആ വാക്കും പുച്ഛിച്ചുള്ള ചിരിയും വൈകാരികമായ ഹൃദയവേദനയുണ്ടാക്കി.
തന്നെ പടിയടച്ച് പിണ്ഡം വെച്ച സിപിഐഎമ്മിനോട് ഇനി അനുഭാവം പ്രകടിപ്പിക്കണോ എന്ന് പല തവണ ചിന്തിച്ചു. പിന്നാലെയാണ് യുഡിഎഫിന്റെ സ്ഥാനാർത്ഥിത്വം സ്വീകരിക്കാൻ തീരുമാനിച്ചതെന്ന് എ സുരേഷ് പറഞ്ഞു.