Kerala
രാഹുലിനെതിരായ വെളിപ്പെടുത്തൽ, എം എ ഷഹനാസിനെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കി കോൺഗ്രസ്
കോഴിക്കോട്: യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതരമായ ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ കോൺഗ്രസ് നേതാവ് എം.എ. ഷഹനാസിനെതിരെ പാർട്ടി നടപടി.
കെ.പി.സി.സി.യുടെ സാംസ്കാരിക സംഘടനയായ സംസ്കാര സാഹിതിയുടെ കോഴിക്കോട് ജില്ലാ കമ്മിറ്റി വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നാണ് ഷഹനാസിനെ പുറത്താക്കിയത്.
രാഹുലിൽ നിന്ന് തനിക്കും ദുരനുഭവം ഉണ്ടായി എന്ന് കഴിഞ്ഞ ദിവസം ഷഹനാസ് തുറന്നുപറഞ്ഞിരുന്നു. ഈ വെളിപ്പെടുത്തലാണ് പാർട്ടി നടപടിക്ക് കാരണമായതെന്നാണ് സൂചന. കർഷക സമരത്തിനായി ഡൽഹിയിലേക്ക് ഒപ്പം വരാൻ രാഹുൽ ക്ഷണിച്ചു. ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയപ്പോൾ മോശം സന്ദേശം അയച്ചു: “ഡൽഹിയിൽ നമുക്ക് ഒരുമിച്ച് പോകാമായിരുന്നല്ലോ” എന്നായിരുന്നു സന്ദേശം.
ഈ വിഷയം ഉൾപ്പെടെ താൻ അന്നത്തെ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഷാഫി പറമ്പിലിനെ അറിയിച്ചിരുന്നു. സ്ത്രീകളോട് മോശമായി പെരുമാറുന്ന രാഹുലിനെ അധ്യക്ഷനാക്കരുത് എന്ന് ആവശ്യപ്പെട്ടിട്ടും ഷാഫി അത് അവഗണിച്ചു.ലൈംഗിക അധിക്ഷേപം നേരിട്ട വനിതാ പ്രവർത്തകരെ തനിക്ക് നേരിട്ടറിയാമെന്നും, രാഹുലിനെതിരെ പല പരാതികളും ഷാഫിക്ക് ലഭിച്ചിരുന്നുവെന്നും ഷഹനാസ് വെളിപ്പെടുത്തി.