Kerala
ലിയോ പതിനാലാമന്‍ മാര്‍പാപ്പ 2027ല്‍ ഇന്ത്യ സന്ദര്‍ശിച്ചേക്കും
കൊച്ചി: കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ലിയോ പതിനാലാമന്‍ മാര്‍പാപ്പ 2026 അവസാനമോ, 2027ലോ ഇന്ത്യ സന്ദര്‍ശിച്ചേക്കും. ഡിസംബര്‍ 15ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടിലിന്റെ നേതൃത്വത്തിലുള്ള സിറോ മലബാര്‍ സഭയുടെ പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യ സന്ദര്‍ശിക്കാനുള്ള താല്പര്യം മാര്‍പാപ്പ അറിയിച്ചു. എന്നാല്‍ മാര്‍പാപ്പയുടെ സന്ദര്‍ശനം സ്ഥീരികരിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ അദ്ദേഹത്തെ ഔദ്യോഗികമായി ക്ഷണിക്കേണ്ടതുണ്ട്.
മാര്‍പാപ്പ രാഷ്ട്രത്തലവന് കൂടിയായതിനാല്‍ പ്രോട്ടോകോള്‍ പ്രകാരം രാഷ്ട്രത്തലവനാണ് അദ്ദേഹത്തെ ക്ഷണിക്കേണ്ടത്. 2024 ജൂണില്‍ ഇറ്റലിയില്‍ നടന്ന ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. 2021-ലെ വത്തിക്കാന്‍ സന്ദര്‍ശന വേളയിലും അദ്ദേഹം ഇത്തരമൊരു ക്ഷണം നടത്തിയിരുന്നു. എന്നാല്‍ പുതിയ മാര്‍പ്പാപ്പ ചുമതലയേറ്റ സാഹചര്യത്തില്‍ അദ്ദേഹത്തെ സര്‍ക്കാര്‍ ഔദ്യോഗിക ക്ഷണിക്കേണ്ടതുണ്ട്.