Kerala
പന്നിയങ്കര ടോള്‍ പ്ലാസയില്‍ കെഎസ്‌ആർടിസി ബസ്സുകള്‍ തടഞ്ഞിട്ട സംഭവത്തില്‍ വീഴ്ച പറ്റിയത് ബാങ്കിനെന്ന് കെഎസ്‌ആർടിസി
തൃശൂർ: പന്നിയങ്കര ടോള്‍ പ്ലാസയില്‍ കെഎസ്‌ആർടിസി ബസ്സുകള്‍ തടഞ്ഞിട്ട സംഭവത്തില്‍ വീഴ്ച പറ്റിയത് ബാങ്കിനെന്ന് കെഎസ്‌ആർടിസി.ഫാസ്റ്റാഗ് പെയ്മെന്‍റുകള്‍ കൃത്യമായി അടയ്ക്കാറുണ്ടെന്നും സംഭവിച്ചത് ബാങ്കിന്‍റെ ഭാഗത്തുനിന്നുള്ള സാങ്കേതിക പ്രശ്നമെന്നും കെഎസ്‌ആർടിസി അധികൃതർ വ്യക്തമാക്കി.
ടെൻഡർ നടപടികളിലൂടെ ഇത്തവണ കെഎസ്‌ആർടിസി പെയ്മെന്‍റുകള്‍ ഏല്‍പ്പിച്ചിരിക്കുന്നത് യൂണിയൻ ബാങ്കിനെയാണ്. യൂണിയൻ ബാങ്ക് വിഷയത്തില്‍ ആഭ്യന്തര അന്വേഷണം നടത്തും എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ബാങ്ക് അന്വേഷണ റിപ്പോർട്ട് കെഎസ്‌ആർടിസിക്ക് നല്‍കും. കഴിഞ്ഞ ദിവസമാണ് പന്നിയങ്കര ടോള്‍ പ്ലാസയില്‍ കെഎസ്‌ആർടിസി ബസുകള്‍ തടഞ്ഞിട്ടത്. രാവിലെ അന്തർസംസ്ഥാന ബസുകള്‍ ഉള്‍പ്പെടെ 5 ബസ്സുകളാണ് തൃശൂരിലേക്ക് വരുന്നതിനിടയില്‍ ടോള്‍ പ്ലാസയില്‍ തടഞ്ഞിട്ടത്.
ഇതോടെ യാത്രക്കാർ ബസ് ജീവനക്കാരുമായി തർക്കത്തിലായി. ഒടുവില്‍ യാത്രക്കാരെ ഇറക്കി ബസുകള്‍ ടോള്‍ പ്ലാസയ്ക്ക് സമീപം മാറ്റിയിടുകയും പിന്നീട് യാത്രക്കാർ മറ്റു ബസ്സുകളില്‍ കയറിയാണ് യാത്ര തുടർന്നത്.കണ്ടക്ടർ ഗൂഗിള്‍ പേ വഴി ടോള്‍പ്ലാസയില്‍ പണമടച്ചതോടെയാണ് ടോള്‍ പ്ലാസ ജീവനക്കാർ ബസ് കടത്തിവിട്ടത്.