Kerala
അപകടത്തിൽ പരിക്കേറ്റ യുവാവിന് നടുറോഡിൽ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ
കൊച്ചി: അപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ യുവാവിന് നടുറോഡിൽ ശസ്ത്രക്രിയ നടത്തി ഡോക്ടര്‍മാര്‍. കൊച്ചി തൃപ്പൂണിത്തുറയ്ക്ക് സമീപം ഉദയംപേരൂരില്‍ ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്. ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചായിരുന്നു യുവാവിന് പരിക്കേറ്റത്. ഡോക്ടര്‍ ദമ്പതിമാരായ തോമസ് പീറ്റര്‍, ദിദിയ എന്നിവരും ഡോ. ബി മനൂപും ചേര്‍ന്നാണ് യുവാവിന്റെ ജീവന്‍ രക്ഷിച്ചത്. സിനിമയില്‍ കണ്ട ശസ്ത്രക്രിയാ രീതി ഇവര്‍ വിജയകരമായി പൂര്‍ത്തിയാക്കുകയായിരുന്നു.
എറണാകുളം കടവന്ത്രയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് തോമസ് പീറ്ററും ദിദിയയും. ഡോ. മനൂപ് കോട്ടയം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്. കൊല്ലം പുന്നല സ്വദേശിയായ വിനു ഡെന്നിസി(40)ന്റെ ജീവനാണ് ഡോക്ടര്‍ സംഘം രക്ഷിച്ചത്. വിവാഹം കഴിഞ്ഞുള്ള ആദ്യ ക്രിസ്മസ് ആഘോഷിക്കാന്‍ തെക്കന്‍ പറവൂരിലെ സെയ്ന്റ് ജോണ്‍സ് ദി ബാപ്റ്റിസ്റ്റ് പള്ളിയിലേക്കുള്ള യാത്രയിലായിരുന്നു തോമനും ദിദിയയും. ഇതിനിടെയാണ് അപകടം കാണുന്നത്. പരിക്കേറ്റയാളുടെ കഴുത്ത് ഒരാള്‍ പ്രത്യേക രീതിയില്‍ പിടിച്ച് പരിചരിക്കുന്നത് തോമസും ദിദിയയും ശ്രദ്ധിച്ചു. ഇതോടെ അയാള്‍ ഡോക്ടറാണെന്ന് ദമ്പതികള്‍ക്ക് മനസിലായി. തുടര്‍ന്ന് ദമ്പതികള്‍ അയാള്‍ക്കരികിലേക്ക് എത്തി.