Kerala

ദേശീയ അധ്യാപക അവാർഡ് ജേതാവും സാഹിത്യപ്രവർത്തകനുമായ കുറുഞ്ഞങ്ങോട്ടില്ലത്ത് കെ. നാരായണൻ നമ്പൂതിരി (83) അന്തരിച്ചു

Posted on

കോഴിക്കോട്: ദേശീയ അധ്യാപക അവാർഡ് ജേതാവും സാഹിത്യപ്രവർത്തകനുമായ കുറുഞ്ഞങ്ങോട്ടില്ലത്ത് കെ. നാരായണൻ നമ്പൂതിരി (83) അന്തരിച്ചു. അദ്ദേഹത്തിന്റെ കണ്ണുകൾ കോഴിക്കോട് മെഡിക്കൽ കോളേജ് നേത്രബാങ്കിന് ദാനം ചെയ്തു.

ജെ.ഡി.ടി. ഇസ്‌ലാം ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം അധ്യാപകനായി സേവനമനുഷ്ഠിച്ച ശേഷം വിരമിച്ച അദ്ദേഹം മലയാളത്തിലും സംസ്കൃതത്തിലും ഒരുപോലെ പാണ്ഡിത്യമുള്ള വ്യക്തിയായിരുന്നു. അധ്യാപനം, സാഹിത്യം, ഗ്രന്ഥശാലാ പ്രവർത്തനം, സാക്ഷരതാ പ്രവർത്തനം തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകി. 1960 മുതൽ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനായിരുന്നു. കുന്നമംഗലം കോഓപ്പറേറ്റീവ് റൂറൽ ബാങ്ക് ഡയറക്ടറായും പൈങ്ങോട്ടുപുറം ഗ്രാമസേവിനി വായനശാല സെക്രട്ടറിയായും പ്രവർത്തിച്ചു. മികച്ച സാക്ഷരതാ പ്രവർത്തകനായിരുന്ന അദ്ദേഹം സാക്ഷരതാ പുസ്തകങ്ങളുടെ രചനയിലും പ്രധാന പങ്കുവഹിച്ചു. NCERT, SCERT തുടങ്ങിയ വിദ്യാഭ്യാസ ഏജൻസികളുടെ റിസോഴ്സ് അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2012ൽ അന്നത്തെ വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബിൽനിന്ന് മികച്ച സാഹിത്യപ്രവർത്തകനുള്ള അംഗീകാരവും ഏറ്റുവാങ്ങി. വിവിധ മേഖലകളിലായി പന്ത്രണ്ടോളം പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. സാഹിത്യരംഗത്തും ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. നിരവധി റേഡിയോ നാടകങ്ങൾ പ്രക്ഷേപണം ചെയ്തിട്ടുണ്ട്. ‘ദേശീയതയുടെ ഇടിമുഴക്കം’, ‘മൗലാന അബ്ദുൽ കലാം ആസാദ് ജീവചരിത്രം’, കുട്ടികളുടെ നോവലായ ‘ആൽബം’, ‘സാഹിത്യദർപ്പണം’, യാത്രാവിവരണമായ ‘രാജ് ഘട്ടമേ വിട’, ‘രാമായണം പഠനവും വ്യാഖ്യാനവും’ എന്നിവയാണ് പ്രധാന കൃതികൾ. ടോൾസ്റ്റോയിയുടെ വിഖ്യാത കൃതിയായ ‘യുദ്ധവും സമാധാനവും’ പുനരാഖ്യാനം ചെയ്തിട്ടുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version