Kerala
ക്നാനായ സമുദായത്തിന് പുറത്തുള്ളവരെ വിവാഹം കഴിച്ചാല്‍ കോട്ടയം അതിരൂപതയില്‍ നിന്നും പുറത്താക്കുന്ന നടപടി ഭരണഘടനാ ലംഘനം; ഹൈക്കോടതി
കൊച്ചി: ക്നാനായ സമുദായത്തിന് പുറത്തുള്ളവരെ വിവാഹം കഴിച്ചാല്‍ കോട്ടയം അതിരൂപതയില്‍ നിന്നും പുറത്താക്കുന്ന നടപടി ഭരണഘടന ഉറപ്പു നല്കുന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ഹൈക്കോടതി. മതപരമായ സ്വയംഭരണാധികാരം വ്യക്തികളെ പുറത്താക്കാനുള്ള ലൈസന്‍സ് അല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
കോട്ടയം അഡീഷണല്‍ സബ് കോടതി വിധി ശരിവെച്ച അഡീഷണല്‍ ജില്ലാ കോടതിയുടെ 2022 സെപ്റ്റംബര്‍ രണ്ടിലെ ഉത്തരവ് ചോദ്യം ചെയ്ത് കോട്ടയം അതിരൂപതയും ആര്‍ച്ച് ബിഷപ്പും ഉള്‍പ്പെടെ നല്കിയ അപ്പീലുകള്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എസ് ഈശ്വരന്റെ ഉത്തരവ്.
ക്നാനായ സമുദായത്തില്‍ നിന്നുതന്നെ വിവാഹം കഴിക്കണമെന്നത് മതപരമായ അനിവാര്യ ആചാരമാണെന്ന് സ്ഥാപിക്കാനായിട്ടില്ലാത്തതിനാല്‍ ഇത് പാലിക്കാത്ത സഭാംഗത്തെ പുറത്താക്കാന്‍ അവകാശമില്ലെന്ന് കോടതി പറഞ്ഞു. അംഗത്വം ലഭിക്കുന്നതു ജന്മം വഴിയാണ്. ഈ അംഗത്വം നിയന്ത്രിക്കാന്‍ വ്യവസ്ഥ വെക്കാനാവില്ല. ക്നാനായ സമുദായാംഗമായ ആളെ വിവാഹം കഴിച്ച ക്നാനായ ഇതരര്‍ക്കും ഈ ബന്ധത്തിലുള്ള കുട്ടിക്കും അംഗത്വം ലഭിക്കുമെന്നും കോടതി വ്യക്തമാക്കി.