Kerala
യുഡിഎഫ് പ്രവേശനം തള്ളി കേരള കോൺഗ്രസ് എം,
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെത്തുടർന്ന് ഉയർന്ന യു.ഡി.എഫ്. പ്രവേശന ചർച്ചകൾ കേരള കോൺഗ്രസ് (എം) നേതൃത്വം ശക്തമായി തള്ളി. ഇടതുമുന്നണി (എൽ.ഡി.എഫ്.) വിടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്ന് പാർട്ടി ചെയർമാൻ ജോസ് കെ. മാണി നേതാക്കളെ അറിയിച്ചതായാണ് വിവരം.
ജോസ് കെ. മാണിയുടെ പ്രതികരണം യു.ഡി.എഫിൽ നിന്ന് പുറത്താക്കപ്പെട്ട സാഹചര്യം നേതാക്കളെ ഓർമ്മിപ്പിച്ചു കൊണ്ടുള്ളതായിരുന്നു. “യു.ഡി.എഫ്. അപമാനിച്ച് ഇറക്കിവിട്ടതാണ്. ആ സാഹചര്യം മറക്കരുത്.” നിലവിലെ മുന്നണി മാറ്റ ചർച്ചകളിൽ കഴമ്പില്ലെന്ന് അണികളെയും പാർട്ടി നേതൃത്വം ബോധ്യപ്പെടുത്തും.
തെരഞ്ഞെടുപ്പ് പരാജയത്തിൻ്റെ പേരിൽ മുന്നണി വിടുന്ന പതിവ് കേരള കോൺഗ്രസ് (എം)ന് ഇല്ലെന്ന് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് വ്യക്തമാക്കി. “മുന്നണി വിടാൻ ആയിരുന്നെങ്കിൽ നേരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ആകാമായിരുന്നു. തെരഞ്ഞെടുപ്പ് പരാജയം ഉണ്ടായാൽ മുന്നണി വിടുന്ന രീതി നിലവിൽ പാർട്ടിക്കില്ല.”